ഇന്ധന പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിൽ എത്ര ശതമാനം എഥനോൾ ചേർത്തിട്ടുണ്ടെന്ന വിവരം നോസിലുകളിലും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകളിലും നിർബന്ധമായും രേഖപ്പെടുത്തണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കാൻ വിസമ്മതിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് പ്രസന്ന ബി. വരാലെയും അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

ഹർജിക്കാരനായ അഡ്വക്കേറ്റ് എൻ.കെ. ഗോസ്വാമിക്ക് വിഷയത്തിൽ പരാതിയോ നിയമപരമായ ആവശ്യമോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഹർജിയിൽ സുപ്രീം കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് ബെഞ്ച് സ്വീകരിച്ചത്.

രാജ്യത്തെ ഓരോ ഉപഭോക്താവിനും താൻ വാങ്ങുന്ന ഇന്ധനത്തിൽ എന്തൊക്കെ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അറിയാനുള്ള അവകാശമുണ്ടെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. നിലവിൽ ഇന്ധനം നിറച്ചതിന് ശേഷം നൽകുന്ന ബില്ലുകളിലോ പമ്പുകളിലെ വിവരഫലകങ്ങളിലോ എഥനോൾ മിശ്രിതത്തിന്റെ അളവ് വ്യക്തമാക്കുന്നില്ലെന്നും ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ മോഡൽ വാഹനങ്ങളിൽ ഉയർന്ന തോതിലുള്ള എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് എൻജിനുകളുടെ പ്രവർത്തനത്തെ ബാധിക്കാമെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു. അതിനാൽ വിവിധ വാഹന മോഡലുകൾക്ക് അനുയോജ്യമായ എഥനോൾ മിശ്രിതം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഡാറ്റാബേസ് സർക്കാർ തയ്യാറാക്കണമെന്നും, ഇതിനായി വിദഗ്ധരെയും വിവിധ മന്ത്രാലയങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ഹർജിയെ ശക്തമായി എതിർത്തു. കേന്ദ്ര സർക്കാരിനെ അനാവശ്യമായി ഉത്തരവാദിയാക്കാനുള്ള ശ്രമമാണ് ഹർജിയെന്നും, ഇത് ഒരു ‘പ്രോക്സി ഹർജി’യുടെ സ്വഭാവമുള്ളതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സമാനമായ ആവശ്യം ഉന്നയിച്ച മറ്റൊരു ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയ കാര്യം കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷം, വിഷയത്തിൽ നേരിട്ട് ഇടപെടാൻ തയ്യാറാകാതിരുന്ന സുപ്രീം കോടതി, നിയമപരമായ മറ്റ് പരിഹാര മാർഗങ്ങൾ തേടാൻ ഹർജിക്കാരന് സ്വാതന്ത്ര്യം അനുവദിച്ച് കേസ് അവസാനിപ്പിച്ചു. ഉപഭോക്തൃ അവകാശം, ഇന്ധന സുതാര്യത, എഥനോൾ മിശ്രിത നയം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം ശ്രദ്ധേയമായത്.