സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പൂര്‍ണമായും തള്ളി സിപിഐഎം കേന്ദ്രനേതൃത്വം. ആര്‍എസ്എസും ഇതേ സ്വരത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പരാമര്‍ശം ഭരണഘടനാമൂല്യങ്ങള്‍ക്ക് എതിരാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. കാന്തപുരത്തിന്റെ പരാമര്‍ശത്തില്‍ സിപിഐഎം സംസ്ഥാന നേതൃത്വം മൗനം തുടരുമ്പോഴാണ് ജനറല്‍ സെക്രട്ടറിയുടെ നിശിതവിമര്‍ശനം.

വളരെ മഹത്തായ, മനുഷ്യസ്‌നേഹപരമായ ആശയങ്ങള്‍ ഉള്ള മതങ്ങളാണ്. എല്ലാ മതങ്ങളും അതിന്റെ ആവിര്‍ഭാവകാലത്ത് മനുഷ്യ സാഹോദര്യവും സ്‌നേഹവും നന്മയുമൊക്കെയാണ് പറഞ്ഞിട്ടുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായിട്ട് ഒരു മതവുമില്ല. എന്നാല്‍ പിന്നീട് ഓരോ മതത്തിലും നമുക്ക് യോജിക്കാന്‍ കഴിയാത്ത പല ആശങ്ങളും ആ മതങ്ങളെ വ്യാഖ്യാനിക്കുന്ന പലരും ഉള്‍ക്കൊള്ളിച്ചിട്ടുള്ള അനുഭവങ്ങളുണ്ട്. മിക്ക മതങ്ങളും ഇന്ന് സ്ത്രീകളുടെ തുല്യത അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. അതിന്റെ ഒരു ഭാഗമാണ് കാന്തപുരത്തിന്റെ അഭിപ്രായത്തിലൂടെ പുറത്ത് വന്നിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും ഇതേ സ്വരത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഃ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി.. എന്നാണ് ഹിന്ദുമതത്തിന്റെ വ്യാഖ്യാനവുമായിട്ട് മുന്നോട്ട് പോകുമ്പോള്‍ ആര്‍എസ്എസ് അടക്കവരുടെ അഭിപ്രായ പ്രകടനം. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന വിഷയം ഇന്ത്യയില്‍ ഉയര്‍ന്നു വന്നപ്പോള്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത് എന്താണ്. സ്ത്രീകളെല്ലാം വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കണം പുറത്ത് ഇറങ്ങി നടക്കുന്നത് കൊണ്ടാണ് അതിക്രമമുണ്ടാകുന്നത്. ഏതാണ്ട് ഇതിന് സമാനമായ രൂപത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവന – അദ്ദേഹം പറഞ്ഞു.

പ്രസ്താവന ഭരണഘടനാമൂല്യങ്ങള്‍ക്കും നിയമ വ്യവസ്ഥയ്ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ – പുരുഷ തുല്യത ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ഏത് മതത്തിന്റെ പേരിലുള്ള വ്യാഖ്യാനവും ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാതെയായിക്കൂട. ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നവര്‍ ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു – അദ്ദേഹം പറഞ്ഞു.