എസ്എഫ്ഐ പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . ക്രമസമാധാനം പാലിക്കേണ്ട പൊലീസ് തന്നെ അത് തകർക്കാൻ ശ്രമിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

ഇന്നലെ വിദ്യാർഥിനികൾക്ക് നേരെയാണ് ആക്രമണം നടന്നതെങ്കിൽ ഇന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന് നേരെയാണ് അതിക്രമം അഴിച്ചുവിട്ടിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

വിദ്യാർഥി പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.എസ്. സഞ്ജീവിനെ സന്ദർശിക്കാനെത്തിയതായിരുന്നു എം.വി. ഗോവിന്ദൻ മാസ്റ്റർ . സഞ്ജീവിനെ പൊലീസ് മർദിച്ചതായി എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.

കേരള സർവകലാശാലയുടെ സംഘപരിവാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ യുഡിഎഫ് സർക്കാരിന്റെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിലാണ് വൻ സംഘർഷമുണ്ടായത്. വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സർവകലാശാല പരിപാടിക്കിടെ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർഥികൾക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതായും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.