പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ഡൽഹിയിൽ ബസുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ഗതാഗത വകുപ്പ്. അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ ഡൽഹിയിൽ സർവീസ് നടത്തുന്ന എല്ലാ ബസ് ഓപ്പറേറ്റർമാർക്കും പുതിയ നിർദേശങ്ങൾ ബാധകമാണ്. നിർബന്ധിത സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം അവ എല്ലായ്‌പ്പോഴും പ്രവർത്തനക്ഷമമായി തുടരണമെന്നും ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി.
ഡൽഹിയിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളിലും പാനിക് ബട്ടണുകളും വാഹന ട്രാക്കിംഗ് ഉപകരണങ്ങളും മുഴുവൻ സമയവും പ്രവർത്തനക്ഷമമായിരിക്കണം. പാനിക് ബട്ടണുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന തരത്തിൽ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ബസുകളുടെ വിൻഡോകളിൽ കർട്ടനുകളും ഫിലിമുകളും ഒട്ടിക്കുന്നത് നിരോധിച്ചു. രാത്രികാലങ്ങളിൽ ബസുകൾ സുരക്ഷിതവും ആവശ്യത്തിന് വെളിച്ചമുള്ളതുമായ സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നും ബസ് ഓപ്പറേറ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇതിന് പുറമെ, എല്ലാ ബസുകളിലും അഗ്നിശമന ഉപകരണങ്ങളും പ്രഥമശുശ്രൂഷാ കിറ്റുകളും നിർബന്ധമായും ഉണ്ടായിരിക്കണം. യാത്രക്കാരുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി ഡോ. പങ്കജ് കുമാർ സിംഗ് വ്യക്തമാക്കി.
ഡൽഹിയിൽ സർവീസ് നടത്തുന്ന ഓരോ ബസും നിശ്ചിത സുരക്ഷാ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കണമെന്നും അവശ്യ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും എല്ലായ്‌പ്പോഴും പ്രവർത്തനക്ഷമമായി നിലനിർത്തണമെന്നും മന്ത്രി പറഞ്ഞു. പൊതുഗതാഗതം യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും സർവീസ് നടത്തുന്ന എല്ലാ ബസുകൾക്കും പുതിയ നിർദേശങ്ങൾ ബാധകമാണ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുന്നതിനുമാണ് അധികൃതർ കൂടുതൽ ശ്രദ്ധ നൽകുന്നത്.
16കാരിയെ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ വീഴ്ചകളും ചർച്ചയായത്. സ്വകാര്യ സ്ലീപ്പർ ബസ് സഞ്ചരിച്ചതായി പറയപ്പെടുന്ന 43 കിലോമീറ്റർ ദൂരമുള്ള പാതയിൽ മതിയായ സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങളില്ലെന്ന പരാതിയും ഉയർന്നിരുന്നു.
ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കിൽ നിന്ന് വടക്കൻ ഡൽഹിയിലേക്കുള്ള പാതയിലായിരുന്നു സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടപ്പെട്ടത്. 43 കിലോമീറ്റർ ദൂരത്തിൽ ആകെ രണ്ട് പൊലീസ് പരിശോധനാ കേന്ദ്രങ്ങൾ മാത്രമാണുള്ളതെന്നും പ്രധാന ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നലുകളിൽ ഉൾപ്പെടെ മതിയായ സിസിടിവി സംവിധാനങ്ങളില്ലെന്നും പരാതിയുണ്ട്.
ഡൽഹി-നോയിഡ അതിർത്തിയിലെ മായൂർ വിഹാറിലും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് ആക്ഷേപമുണ്ട്. തിരക്കേറിയ മേഖലയായ ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പകൽസമയങ്ങളിൽ പോലും ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നാണ് ആരോപണം.
ഓഗസ്റ്റ് നാലിന് രാത്രിയാണ് പെൺകുട്ടി പരി ചൗക്കിൽ നിന്ന് ബസിൽ കയറിയത്. നോയിഡ സെക്ടർ 63ൽ ഇറങ്ങാനിരിക്കെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ ബസിനുള്ളിൽ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി. തുടർന്ന് കശ്മീർ ഗേറ്റിന് സമീപം പെൺകുട്ടിയെ ഇറക്കിവിട്ടതായും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
