ജമ്മു കശ്മീരിലെ ജനങ്ങളുടെ രാഷ്ട്രീയ, ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് മുതിർന്ന സിപിഐഎം നേതാവും കുൽഗാം എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു. ജനങ്ങളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുന്നത് രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കാനോ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനോ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാർഷികത്തിന് മുന്നോടിയായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരിഗാമി. ജമ്മുവിലും ശ്രീനഗറിലും അടുത്തിടെ നടന്ന പ്രതിഷേധങ്ങളെയും അദ്ദേഹം വിമർശിച്ചു.

ജമ്മു കശ്മീരിൽ സാധാരണ നിലയും സമാധാനവും തിരിച്ചെത്തിയെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദത്തെയും തരിഗാമി ചോദ്യം ചെയ്തു. കശ്മീരി പണ്ഡിറ്റ് സമൂഹത്തിലെ അംഗങ്ങൾക്ക് വീണ്ടും തീവ്രവാദ ഭീഷണികൾ ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം ഭീഷണികൾക്ക് പിന്നിൽ ആരാണെന്നും അവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സർക്കാർ വ്യക്തമാക്കണം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വിഷയത്തിൽ വിശദീകരണം നൽകണമെന്നും തരിഗാമി പറഞ്ഞു.

ജമ്മു കശ്മീരിനെ പുനഃസംഘടിപ്പിച്ച രീതിയിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. നിയമസഭയെ അധികാരരഹിതമാക്കിയെന്നും അതിന്റെ യഥാർഥ അധികാരങ്ങൾ പുനഃസ്ഥാപിക്കണമെന്നുമാണ് തരിഗാമിയുടെ ആവശ്യം. ഭരണഘടനയും ഭരണഘടനാ അസംബ്ലിയും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയ അവകാശങ്ങൾ തിരിച്ചുനൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി, തൊഴിൽ മേഖലകളിൽ നേരത്തെ നിലനിന്നിരുന്ന സംരക്ഷണങ്ങളിലും തരിഗാമി ചോദ്യമുയർത്തി. ഈ നിയമങ്ങളിൽ പിന്നീട് മാറ്റം വരുത്തിയത് ആരാണെന്ന് ബിജെപിയും കേന്ദ്രസർക്കാരും ജമ്മുവിലെ ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു, കശ്മീർ, ലഡാക്ക് മേഖലകളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്തണമെന്നും രാഷ്ട്രീയ മാറ്റങ്ങളുടെയും വിഭജനങ്ങളുടെയും പേരിൽ ജനങ്ങൾ തമ്മിലുള്ള അകലം വർധിക്കരുതെന്നും തരിഗാമി അഭ്യർത്ഥിച്ചു.

യെച്ചൂരിയുടെ ആശയങ്ങളും പോരാട്ടങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്നും തൊഴിലാളികൾ, കർഷകർ, യുവാക്കൾ, വിദ്യാർഥികൾ, സ്ത്രീകൾ എന്നിവരുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽ, വിദ്യാർഥി പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ രീതിയെയും തരിഗാമി വിമർശിച്ചു. ജന്തർ മന്തറിൽ പ്രതിഷേധിച്ച യുവാക്കൾ ലാത്തിച്ചാർജും അറസ്റ്റും നേരിട്ടിട്ടും സർക്കാർ വിഷയം ഗൗരവമായി പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

പൊതുസ്വത്തുക്കളുടെ സ്വകാര്യവൽക്കരണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. വിമാനക്കമ്പനികളും വിമാനത്താവളങ്ങളും തുറമുഖങ്ങളും വൈദ്യുതി നിലയങ്ങളും വിൽക്കുന്ന നയങ്ങൾ സാധാരണ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതാണോ അതോ ഏതാനും വൻകിട കോർപ്പറേറ്റുകളുടെ ലാഭം വർധിപ്പിക്കുന്നതിനാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും തരിഗാമി ആവശ്യപ്പെട്ടു.