ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ റോഡ്മാപ്പ് തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് ഒരു വർഷത്തെ സമയപരിധി നൽകുമെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ലഡാക്കിൽ ജനാധിപത്യപരമായ ഉത്തരവാദിത്തവും പ്രാദേശിക നിയന്ത്രണവും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭ നിലവിൽ വരുന്നതിന് മുമ്പ് കേന്ദ്രം ഭരണപരമായ തീരുമാനങ്ങൾ സ്വീകരിക്കുന്ന രീതിയെയും വാങ്ചുക് ചോദ്യം ചെയ്തു. ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭ രൂപീകരിക്കുന്നതിന് മുൻപ് ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതാണ് ലഡാക്ക് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്തിന്റെ ഭരണത്തിൽ ജനങ്ങളുടെ നിയമസഭയ്ക്കായിരിക്കണം പരമാധികാരമെന്നും വാങ്ചുക് വ്യക്തമാക്കി.
ഉദ്യോഗസ്ഥവൃന്ദം, ക്രമസമാധാനം, സാമ്പത്തിക അധികാരങ്ങൾ തുടങ്ങിയവ ആത്യന്തികമായി ലഡാക്കിലെ ജനപ്രതിനിധികളുടെ നിയന്ത്രണത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ലഡാക്കിന് ഉടൻതന്നെ പൂർണ സംസ്ഥാന പദവി വേണമെന്ന മുൻ നിലപാടിൽ നിന്ന് വാങ്ചുക് അൽപം അയവ് വരുത്തുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ തന്നെ എല്ലാ അധികാരങ്ങളും സ്വന്തമാക്കാൻ ലഡാക്കിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്ക് നിലവിൽ സാമ്പത്തികമായി പൂർണമായും സ്വയംപര്യാപ്തമല്ലെന്ന വാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, താൽക്കാലികമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുള്ള കേന്ദ്രഭരണ പ്രദേശമായി തുടരാൻ തയ്യാറാണെന്നും വാങ്ചുക് വ്യക്തമാക്കി. സാമ്പത്തികമായി ശക്തിപ്പെടാനും സ്വയംഭരണ സംവിധാനത്തിൽ പ്രവർത്തിക്കുന്നതിന്റെ അനുഭവം നേടാനും ഏതാനും വർഷങ്ങൾ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസ്ഥാന പദവിയിലേക്ക് ഘട്ടംഘട്ടമായി നീങ്ങാമെന്നാണ് വാങ്ചുകിന്റെ നിർദേശം. എന്നാൽ ഇതിനായി കേന്ദ്ര സർക്കാർ വ്യക്തമായ പദ്ധതി തയ്യാറാക്കണം. അതിനായി ഒരു വർഷത്തെ സമയപരിധിയാണ് കേന്ദ്രത്തിന് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
