ഐഎസ്ആർഒയുടെ ‘സ്വകാര്യവൽക്കരണം’ ഉടൻ നിർത്തണമെന്ന് സിപിഐഎം. രാജ്യത്തിന്റെ തന്ത്രപ്രധാനവും സ്വാശ്രയവുമായ ബഹിരാകാശ സ്ഥാപനത്തെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ആശ്രിതമാക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആരോപിച്ചു.
ഐഎസ്ആർഒയുടെ സ്വകാര്യവൽക്കരണത്തെ ശക്തമായി എതിർക്കുന്നതായും നീക്കം ഉടൻ അവസാനിപ്പിക്കണമെന്നും പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രതിരോധം, കൃഷി, ദുരന്തനിവാരണം, കാലാവസ്ഥാ പ്രവചനം, റിമോട്ട് സെൻസിങ് തുടങ്ങിയ മേഖലകളിൽ ഐഎസ്ആർഒ നൽകുന്ന സംഭാവനകൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും തന്ത്രപരമായി നിർണായകമാണെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
ഐഎൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കയുടെ ‘ഐഎസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമിക്കില്ല’ എന്ന സമീപകാല പ്രസ്താവനയെയും സിപിഐഎം ചോദ്യം ചെയ്തു. പതിറ്റാണ്ടുകളായി ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ബഹിരാകാശ ഗവേഷണ അടിസ്ഥാനസൗകര്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള നീക്കമാണിതെന്നായിരുന്നു പാർട്ടിയുടെ ആരോപണം.
2023ലെ ഇന്ത്യൻ ബഹിരാകാശ നയത്തിന്റെ ഭാഗമായി ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുത്തതും വിദേശ നിക്ഷേപത്തിന് കൂടുതൽ ഇളവുകൾ അനുവദിച്ചതും സിപിഐഎം വിമർശിച്ചു. വിക്ഷേപണ പ്രവർത്തനങ്ങളിലെ ചെലവ് കുറയ്ക്കുന്നതിന്റെ പേരിലാണ് ഈ നയം നടപ്പാക്കുന്നതെന്നും എന്നാൽ ഇതിലൂടെ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യ ആശ്രിതത്വം വർധിക്കുമെന്നും പാർട്ടി ആരോപിച്ചു.
മാർച്ചിൽ അവതരിപ്പിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലും പൊതു ആസ്തികൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തിയിരുന്നുവെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. ഐഎസ്ആർഒ ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ച ആശങ്കകൾക്ക് സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് നൽകിയ വിശദീകരണവും ദേശീയ സുരക്ഷ സംബന്ധിച്ച പ്രധാന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും പാർട്ടി വിമർശിച്ചു.
ഐഎസ്ആർഒയെ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെടുന്ന ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ജീവനക്കാർ എന്നിവർക്കൊപ്പം പാർട്ടി നിലകൊള്ളുമെന്നും സിപിഐഎം വ്യക്തമാക്കി. രാജ്യത്തിന്റെ തന്ത്രപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഐഎസ്ആർഒയെ ശക്തിപ്പെടുത്തുന്നതിനുമാണ് മുൻഗണന നൽകേണ്ടതെന്നും പാർട്ടി ആവശ്യപ്പെട്ടു.
