ജനാധിപത്യ ശക്തികളെ ഉപയോഗപ്പെടുത്തി വലിയ സാമൂഹ്യ മുന്നേറ്റം നടത്താൻ കഴിയുമെന്ന് തെളിയിച്ച നാടാണ് കേരളമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കോഴിക്കോട് നടന്ന സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ചുള്ള ബഹുജനറാലിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വർഷക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ലോകത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോകചരിത്രത്തിൽ ആദ്യമായി ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയത് കേരളത്തിലാണ്. പിണറായി സർക്കാരിന്റെ കാലത്ത് കേരളം ലോകത്തിന് മാതൃകയായത് പെട്ടെന്നുണ്ടായ മാറ്റമല്ലെന്നും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ മുതൽ തുടർന്നുവന്ന പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതിദാരിദ്ര്യം ഒഴിവാക്കിയ നാടായി കേരളം മാറിയെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഗുണമേന്മയുള്ള ജീവിതം നയിക്കാൻ കേരളത്തെ പ്രാപ്തമാക്കുന്നതിൽ ഇടതുപക്ഷത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തെ തകർക്കാൻ യു ഡി എഫ് ശ്രമിക്കുന്നു’

കേരളത്തെ തകർക്കാനുള്ള ശ്രമമാണ് അധികാരത്തിലെത്തി മൂന്ന് മാസം പൂർത്തിയാകുമ്പോഴേക്കും വി ഡി സതീശൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. പൊതുമേഖലയെ തകർക്കാനും ജനങ്ങൾക്ക് ലഭിച്ചുവരുന്ന ക്ഷേമപദ്ധതികൾ ഇല്ലാതാക്കാനുമാണ് യു ഡി എഫ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് നൽകി വന്നിരുന്ന പെൻഷൻ പോലും യു ഡി എഫ് അട്ടിമറിച്ചിരിക്കുകയാണെന്ന് ആരോപിച്ച എം വി ഗോവിന്ദൻ, നിലവിലെ ഭരണത്തിൽ ജനങ്ങൾ ആകെ ബുദ്ധിമുട്ടുകയാണെന്നും പറഞ്ഞു.

‘ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കുന്നു’

ഇ ഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കുന്ന സാഹചര്യമാണുള്ളതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും പ്രതികളാക്കാനുള്ള നീക്കത്തെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയിൽ തെറ്റായ ഒരു പ്രവണതയും വെച്ചുപുലർത്തില്ലെന്നും തെറ്റുകൾ തിരുത്തി മുന്നേറുകയാണ് സി പി ഐ എമ്മിന്റെ നിലപാടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജനാധിപത്യ ശക്തികളെ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.