തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ടിഎംസി അവകാശത്തര്‍ക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. രണ്ടു വിഭാഗവും പാര്‍ട്ടിക്കായി അവകാശവാദം ഉന്നയിച്ചതിനാല്‍ വിശദമായ പരിശോധന വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയാണ്.

തൃണമൂല്‍ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും പുതിയ പേരും ചിഹ്നവും തെരഞ്ഞെടുക്കാവുന്നതാണ്. നാളെ രാവിലെ 11 മണിക്ക് മുമ്പ് പുതിയ പേരും ചിഹ്നവും തെരഞ്ഞെടുത്ത് അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടു മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള പത്രികാപരിശോധന നാളെ നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ പൂക്കളും പുല്ലും ചിഹ്നവുമാണ് മരവിപ്പിച്ചിരിക്കുന്നത്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി രണ്ടായി പിളര്‍ന്നിരുന്നു. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും പാര്‍ട്ടി പേരും ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.