ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ശതകോടികളുടെ അഴിമതിക്ക് കളമൊരുക്കുകയാണെന്ന ഗുരുതര ആരോപണവുമായി നാഷണൽ ലീഗ് രംഗത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നാല് സർവകലാശാലകൾക്ക് കീഴിലുള്ള 153 എയ്ഡഡ് കോളേജുകൾക്ക് പരമ്പരാഗത കോഴ്സുകൾ അനുവദിച്ചതിലൂടെ ഏകദേശം 600 കോടി രൂപയുടെ അഴിമതിക്ക് വഴിയൊരുങ്ങിയിരിക്കുകയാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് ആരോപിച്ചു.
കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ അനുവദിക്കുന്നതിനായി 2026 മാർച്ച് 14-ന് എൽഡിഎഫ് സർക്കാർ പുറത്തിറക്കിയ ഉത്തരവിനെ അട്ടിമറിച്ചുകൊണ്ടാണ് നിലവിലെ സർക്കാർ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാർത്ഥികൾ വിദേശ പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതുതലമുറ കോഴ്സുകൾ ആരംഭിക്കാനാണ് മുൻ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഏഴ് സർക്കാർ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭരണമാറ്റത്തിന് ശേഷം നാല് സർവകലാശാലകൾക്ക് കീഴിലുള്ള 153 എയ്ഡഡ് കോളേജുകൾക്ക് പരമ്പരാഗത കോഴ്സുകൾ അനുവദിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നതെന്ന് നാഷണൽ ലീഗ് ചൂണ്ടിക്കാട്ടി.
ഒരു കോഴ്സിന് 15 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ ഫിനാൻഷ്യൽ ഗ്യാരണ്ടി നൽകണമെന്ന യുജിസി വ്യവസ്ഥ നിലനിൽക്കെയാണ് കോളേജ് മാനേജ്മെന്റുകൾക്ക് സർക്കാർ ഇളവ് അനുവദിച്ചതെന്നും ഇതുവഴി പൊതുഖജനാവിലേക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുമെന്നും സംഘടന ആരോപിച്ചു.
കോഴ്സുകൾ അനുവദിക്കുന്നതിന് മുമ്പ് കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് യോഗ്യതകളും വിലയിരുത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന യുജിസി നിർദേശവും പാലിച്ചിട്ടില്ലെന്ന് നാഷണൽ ലീഗ് ആരോപിച്ചു. പകരം ഇൻസ്പെക്ഷൻ ചുമതല സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നൽകിയതിൽ ദുരൂഹതയുണ്ടെന്നും ഇത് അഴിമതിക്ക് വഴിവെക്കുന്ന നടപടിയാണെന്നും സംഘടന വിമർശിച്ചു.
കോഴ്സ് അനുവദനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വിശദമായി അന്വേഷിക്കണമെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരണമെന്നും നാഷണൽ ലീഗ് ആവശ്യപ്പെട്ടു.
