കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ പേരിൽ കൗൺസിൽ യോഗങ്ങളിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ആരോപണത്തിൽ സിപിഐഎം പ്രതിഷേധം ശക്തമാക്കി. ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.

ഇത് തെളിയിക്കുന്നതായി പറയുന്ന രജിസ്റ്റർ രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളും സിപിഐഎം പുറത്തുവിട്ടു. മൂന്ന് യോഗങ്ങളിലും സുഗതൻ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ പകർപ്പുകൾ സഹിതം എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ഭരണസമിതിക്കെതിരായ ആരോപണം ഗുരുതരമാണെന്നും വിഷയത്തിൽ സർക്കാരിനും പരാതി നൽകിയിട്ടുണ്ടെന്നും സിപിഐഎം നേതാക്കൾ അറിയിച്ചു. നേരത്തെയും സമാന ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും, വിവരാവകാശ രേഖകൾ ലഭിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതെന്ന് നേതൃത്വം വ്യക്തമാക്കി.

വ്യാജ ഒപ്പുവെപ്പിലൂടെ കൗൺസിൽ നടപടികൾ നിയമവിരുദ്ധമായി മുന്നോട്ടുകൊണ്ടുപോയതാണെങ്കിൽ ഭരണസമിതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.