തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിന് പിന്നിൽ പാർട്ടി നേതൃത്വവുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകളും അതൃപ്തിയും കാരണമായിരുന്നുവെന്ന സൂചന. മേയർ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളുടെ നിസഹകരണവും സംസ്ഥാന നേതൃത്വവുമായി നിലനിന്നിരുന്ന ഭിന്നതകളും രാജി നീക്കത്തിന് വഴിവെച്ചതായാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നൽകിയതായി പറയുന്ന ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന പരാതിയാണ് ആർ. ശ്രീലേഖ ഉയർത്തിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നൽകിയ പരാതികൾ പോലും ഗൗരവമായി പരിഗണിക്കപ്പെട്ടില്ലെന്ന അതൃപ്തിയും അവർക്കുണ്ടായിരുന്നുവെന്നാണ് വിവരം.

അതേസമയം, ആർ. ശ്രീലേഖയുടെ നിരന്തര വിവാദ ഇടപെടലുകളിൽ ആർഎസ്എസിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജി പ്രഖ്യാപനം പാർട്ടിക്കുള്ളിൽ സമ്മർദം സൃഷ്ടിക്കാനുള്ള തന്ത്രമാണെന്ന വിലയിരുത്തലാണ് ആർഎസ്എസ് നടത്തിയതെന്നും, അത്തരം സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്നും സൂചനകളുണ്ട്.

രാജി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി നേതൃത്വവും ആർ. ശ്രീലേഖയും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് രാജി തീരുമാനം പിൻവലിക്കാൻ ധാരണയായത്. നേരത്തെ നൽകിയ ഉറപ്പുകൾ നടപ്പാക്കാത്തതിനെതിരായ വിമർശനം ശ്രീലേഖ ഉന്നയിച്ചിരുന്നെങ്കിലും, ചില വിഷയങ്ങളിൽ പുതിയ ഉറപ്പുകൾ നേതൃത്വം നൽകിയതായാണ് വിവരം.

ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉടൻ കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹവുമായി നടക്കുന്ന ചർച്ചയിൽ തുടർകാര്യങ്ങൾ വിലയിരുത്തുമെന്നാണ് റിപ്പോർട്ട്.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. എന്നാൽ വിവാദ വിഷയങ്ങളിലോ രാജി നീക്കത്തിലോ മാധ്യമങ്ങളോട് പ്രതികരിക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല.