സംസ്ഥാനത്തെ എ ഐ ക്യാമറകൾ വഴി നാളെ രാവിലെ 8 മണി മുതൽ പിഴ ഈടാക്കാൻ തുടങ്ങുമെന്ന് ​ഗതാ​ഗത മന്ത്രി ആൻ്റണി രാജു. 692 എ ഐ ക്യാമറകൾ പ്രവർത്തന സജ്ജമായി. 34 എ ഐ ക്യാമറകൾ കൂടി അധികം വൈകാതെ പ്രവർത്തനം തുടങ്ങുമെന്നും എ ഐ ക്യാമറകൾക്ക് മുന്നിൽ വി.ഐ.പികൾക്ക് ഇളവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയുമായി യാത്ര ചെയ്യാമെന്ന് മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരൻ 12 വയസ്സിന് മുകളിലാണെങ്കിൽ പിഴ ഈടാക്കും.

12 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് നിർബന്ധമായി ധരിച്ചിരിക്കണം. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങളിലെ കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സ‍‍ർക്കാർ കത്ത് നൽകിയിട്ടുണ്ടെന്ന് ആൻ്റണി രാജു പറഞ്ഞു. എന്നാൽ കത്തിന് കേന്ദ്രം മറുപടി നൽകിയിട്ടില്ല. കത്തിന് മറുപടി ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ സംസ്ഥാനം അന്തിമ തീരുമാനമെടുക്കൂവെന്നും കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മന്ത്രി കൂ‌‌ട്ടിച്ചേർത്തു. ‌

നിയമം ലംഘിച്ചാൽ മാത്രമേ എ ഐ ക്യാമറകൾ നിയമ ലംഘനത്തിന് പിഴയീടാക്കുകയുള്ളൂവെന്ന് ​ഗതാ​ഗത മന്ത്രി പറഞ്ഞു. പിഴ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ഓഫീസർക്ക് നൽകാം. ഒഴിവാക്കപ്പെടേണ്ട വാഹനങ്ങൾ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ സംസ്ഥാനം തീരുമാനം എടുത്തിട്ടില്ല. എ ഐ ക്യാമറകൾ വന്നതിൽ പിന്നെ മോട്ടോർ വാഹന നിയമത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.