വെളിപ്പെടുത്തല്‍ തള്ളി ജോണ്‍ ബ്രിട്ടാസ്

സോളാര്‍ സമരവുമായി ബന്ധപ്പെട്ട ജോണ്‍ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്. ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീര്‍പ്പിനായി വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

‘തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം കാണാന്‍ പോയിരുന്നു. താന്‍ പോയത് മധ്യമപ്രവര്‍ത്തകനായല്ല. സിപിഐഎമ്മിന്റെ ഭാഗമായാണ്. ചെറിയാന്‍ ഫിലിപ്പും ഒപ്പമുണ്ടായിരുന്നു. ദയവ് ചെയ്ത് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് തിരുവഞ്ചൂര്‍ തന്നോട് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയാണ് ഉണ്ടായത്’, ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘എന്തു വിട്ടുവീഴ്ച ചെയ്തും സമരം അവസാനിപ്പിക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ താല്‍പര്യം. അന്ന് മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയെയും കണ്ടിരുന്നു. തിരുവഞ്ചൂരിന്റെ താല്പര്യ പ്രകാരമാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. പാര്‍ട്ടിയുടെ അറിവിടെയായിരുന്നു അത്.

മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്കല്ല മുഖ്യമന്ത്രിയെ കണ്ടത്. ഉമ്മന്‍ ചാണ്ടിയെ കാണുമ്പോള്‍ കുഞ്ഞാലിക്കുട്ടിയും, തിരുവഞ്ചൂരും ഉണ്ടായിരുന്നു. ജുഡീഷണല്‍ അന്വേഷണം മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടുദിവസം ക്യാബിനറ്റ് ചേര്‍ന്നാണ് തീരുമാനമെടുത്തത്’, ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

17-May-2024