കോവാക്സിൻ ;പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആര്‍

കോവാക്സിന്‍ എടുത്ത മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ട പഠനം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഗവേഷണം നടത്തിയത് ക്യത്യതയോടെ അല്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍.

ഈ പഠനവുമായി ഐസിഎംആര്‍ സഹകരിച്ചിട്ടില്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ ഐസിഎംആറിനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് പിന്നാലെ കോവാക്സിനും പാര്‍ശ്വഫലമുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

2022 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനമെന്നായിരുന്നു ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരുടെ അവകാശ വാദം. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലില്‍ ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 291 മുതിര്‍ന്നവരിലും 635 കൗമാരക്കാരിലുമായി ആകെ 926 പേരിലായിരുന്നു പഠനം.

ഒരുവര്‍ഷം കഴിഞ്ഞശേഷം 926 പേരില്‍ 50 ശതമാനത്തോളം പേര്‍ക്ക് അണുബാധയുണ്ടായതായി സ്ഥിരീകരിച്ചു. മുതിര്‍ന്നവരില്‍ നാലുപേര്‍ മരിച്ചു. ഈ നാലുപേരും പ്രമേഹബാധിതരായിരുന്നു. മൂന്നുപേര്‍ക്കു ഹൈപ്പര്‍ടെന്‍ഷനും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വസനേന്ദ്രിയത്തിലാണ് ഭൂരിഭാഗം പേര്‍ക്കും അണുബാധയുണ്ടായത്.

20-May-2024