ശബരിമല പ്രതിഷേധം, ജാമ്യം ലഭിക്കാൻ വ്യവസ്ഥകളുമായി തച്ചങ്കരി.

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ ഉണ്ടായ വ്യാപക പ്രതിഷേധത്തിൽ തകർക്കപ്പെട്ട കെ എസ് ആർ ടി സി ബസ്സുകൾക്കുള്ള നഷ്ടപരിഹാരം പ്രതിഷേധക്കാർ നൽകണം. നിലക്കലിലും പമ്പയിലും കെ.എസ്.ആര്‍.ടി.സി ബസ്സുകൾ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. ഹിന്ദു ഐക്യവേദിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനായി നിലയ്ക്കലില്‍ എത്തിയിരുന്നു. എന്നാൽ ഉച്ചയോടെ നേതാക്കളായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയുമടക്കമുള്ളവര്‍ നിലയ്ക്കലില്‍ നിന്നും പിന്‍മാറുകയും പിന്നാലെ പ്രതിഷേധക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നു.പതിമൂന്നോളം കെ എസ ആർ ടി സി ബസ്സുകൾ തകർക്കപ്പെട്ടു. ബസുകള്‍ തകര്‍ന്നതും ട്രിപ്പുകള്‍ മുടങ്ങിയതും ഉള്‍പ്പെടെ 1.25 കോടി രൂപയുടെ നഷ്ടമാണ് കോര്‍പറേഷനുണ്ടായത്.

സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ വസ്തുവകകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി തകര്‍ക്കപ്പെട്ടാല്‍ ആ നഷ്ടം ആക്രമണത്തിനു നേതൃത്വം നല്‍കിയ വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ഈടാക്കണമെന്ന് 2003ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തകര്‍ത്തവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കതെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കെ.എസ്.ആര്‍.ടി.സി എംഡി ടോമിന്‍ ജെ തച്ചങ്കരി ഡിജിപിക്ക് കത്തു നൽകിയിരിക്കുന്നത്.

 

22-Oct-2018