ജനം ടിവിക്കെതിരെ പരാതി പ്രളയം

ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള വാര്‍ത്താ ചാനലെന്ന് പറയപ്പെടുന്ന ജനം ടിവിക്കെതിരെ ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി പ്രളയം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും ശ്രമങ്ങളെ, വര്‍ഗീയ ചുവയുള്ള വാര്‍ത്തകളും വ്യാഖ്യാനങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്നാണ് തെളിവുകള്‍ സഹിതമുള്ള പരാതികളിലൂടെ പറയുന്നത്.

വര്‍ഗീയ ധ്രുവീകരണവും ഇടതുപക്ഷ വിരോധവും പൊതുസമൂഹത്തിലുണ്ടാക്കുന്നതിന് വേണ്ടി നുണപ്രചരണങ്ങള്‍ നടത്താന്‍ ജനം ടി വി ശ്രമിച്ചു എന്ന ആരോപണമാണ് പരാതികളില്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന ജനം ടി വിയുടെ വീഡിയോ ക്ലിപ്പിംഗുകളിലൂടെ പരാതിക്കാര്‍ തെളിയിക്കുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമ എന്ന മുസ്ലീം നാമധാരിയായ യുവതിയുടെ തട്ടമിട്ട ഫോട്ടോകളും അവരുടെ ഇരുമുടികെട്ടില്‍ സാനറ്ററി നാപ്കിന്‍ ഉണ്ടായിരുന്നെന്നത് പോലുള്ള വാര്‍ത്തകളും വഴി കേരളത്തില്‍ ഹിന്ദു-മുസ്ലീം വര്‍ഗീയത ഉണ്ടാക്കുന്നതിന് വേണ്ടി ജനം ടി വി ശ്രമിച്ചു എന്ന എട്ടോളം പരാതികളാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

ജനം ടി വിയുടെ ജീവനക്കാരനാണ് രഹ്ന ഫാത്തിമയുടെ ഭര്‍ത്താവെന്നും ബി ജെ പി നേതാവ് കെ സുരേന്ദ്രനും രഹ്ന ഫാത്തിമയും കൂടി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ശബരിമലയിലേക്കുള്ള രഹ്ന ഫാത്തിമയുടെ യാത്രയെന്നുമുള്ള ആരോപണം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ജനം ടി വിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തെ നേരിടാന്‍ നിയമനടപടികളുമായി ജനം ടിവി മുന്നോട്ടുപോവുമ്പോഴാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനം ടി വിക്കെതിരെ തെളിവുകള്‍ സഹിതമുള്ള പരാതികള്‍ സര്‍ക്കാരിന് മുന്നിലെത്തിയിട്ടുള്ളത് എന്നത് പ്രസക്തമാണ്.

വര്‍ഗീയ പ്രചരണം നടത്തുന്ന ആര്‍ എസ് എസ് ചാനലിനെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് സര്‍ക്കാര്‍ നിയമോപദേശം സ്വീകരിക്കുമെന്നാണ് സൂചനകള്‍.    

26-Oct-2018