ശബരിമല സംഘര്‍ഷം: 495 കേസുകളിലായി ഇതുവരെ അറസ്റ്റിലായത് 2825 പേര്; അക്രമങ്ങളില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍
അഡ്മിൻ
തിരുവനന്തപുരം: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പട്ട് ഇതുവരെ 2825 പേര് അറസ്റ്റിലായി. 495 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മാത്രം 764 പേരെ അറസ്റ്റു ചെയ്തു. അതേസമയം സ്ത്രീകള്‍ ഉള്‍പ്പെടെ നാമജപങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്തവരെ ഒഴിവാക്കാന്‍ തീരുമാനമായി.
ആക്രമങ്ങളില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കെതിരെ മാത്രം ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തും. ഹൈക്കോടതി വിമര്‍ശനം കണക്കിലെടുത്താണ് ഡി.ജി.പിയുടെ നിര്‍ദേശം. അറസ്റ്റിലായവരില്‍ പകുതിയിലധികം പേര് ജാമ്യം നേടി പുറത്തു പോയിട്ടുണ്ട്. ബാക്കിയുള്ളവര്‍ റിമാന്‍ഡിലാണ്.
പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് കൂടുതല്‍ പേര് പിടിയിലായിരിക്കുന്നതെന്നു പോലീസ് പറയുന്നു. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ അറസ്റ്റുണ്ടായിരിക്കുന്നത്. കൂടാതെ പോലീസ് തയ്യാറാക്കിയ പട്ടികയിലുള്ളവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
പോലീസ് അധികൃതരുടെ ഉന്നതതല യോഗം ചേരുന്നതിനു മുന്നോടിയായി അറസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിന് എതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.