തിരുവനന്തപുരം: രാഹുൽ ഈശ്വർ നടത്തിയ ഒരു പത്രസമ്മേളനത്തിന്റെ പേരില്‍ കേസെടുക്കാന്‍ ഒരു ന്യായവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. താൻ ചെയ്യുമെന്നല്ല മറ്റു ചിലയാളുകൾ പദ്ധതിയിട്ടിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അവരെക്കുറിച്ചന്വേഷിക്കാതെ രാഹുൽ ഈശ്വറിന്റെ മേൽ കുതിര കയറിയതുകൊണ്ടു കാര്യമില്ല. കൃത്യമായി ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തത് ജാമ്യം നിഷേധിക്കാനെന്നും ശ്രി അജയ് തറയിൽ ആരോപിച്ചു. ഭക്തർക്കിടയിൽ ഭയമുണ്ടാക്കി അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തെ നന്ദാവനത്തില്‍ ഉള്ള ഫ്ളാറ്റില്‍ നിന്നാണ് രാഹുൽ ഈശ്വറിനെ അറസ്റ്റു ചെയ്തത്. കലാപാഹ്വാനം ചെയ്തതെന്ന് ആരോപിച്ച് കൊച്ചി പൊലീസ് കഴിഞ്ഞദിവസം രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു.ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തത്.