കാസർഗോഡ്: ശബരിമല പ്രശ്‌നപരിഹാരത്തിനാണ് ശ്രമമെങ്കിൽ ഒരു ഓഡിനൻസ് ഇറക്കികൂടെയെന്ന ചോദ്യത്തിന് മുന്നിൽ ഉരുണ്ടുകളിച്ച് കെ സുരേന്ദ്രൻ. കേന്ദ്രസര്‍ക്കാറിന് ഒരു ഓഡിനന്‍സിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നത്തിന് ബി ജെ പി ശ്രമിക്കാത്തതെന്തന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. സർക്കാർ ആവശ്യപ്പെടെട്ടെയെന്നു ഉത്തരം വന്നു , വിശ്വാസി സമൂഹത്തിന് ആവശ്യപ്പെടാമല്ലോയെന്ന് ചോദിക്കുമ്പോള്‍ ഞങ്ങൾ ചെയ്തോളാം നിങ്ങൾ വേവലാതിപ്പെടേണ്ടയെന്നു പറഞ്ഞു ഒഴിഞ്ഞുമാറി. ഇതിലൂടെ ബി ജെ പി കേരളത്തിൽ ലക്‌ഷ്യം വയ്ക്കുന്നത് വർഗ്ഗീയ ധ്രുവീകരണം മാത്രമാണെന്ന് വെളിവാക്കപ്പെട്ടിരിക്കുകയാണ്.
ഒരു ഓഡിനന്‍സ് കൊണ്ടു പരിഹരിക്കപ്പെടേണ്ടതല്ലേയെന്ന് ചോദിക്കുമ്പോള്‍ ആ ചോദ്യം മുഖ്യമന്ത്രിക്കു ചോദിക്കാമല്ലോ ഒരു ഓഡിനന്‍സ് ഇറക്കണമെന്ന്. മഅ്ദനിക്കുവേണ്ടിയിട്ട് നിയമസഭ ഒരുമിച്ച് കൂടിയല്ലോ. എത്രകാര്യത്തിന് കൂടി. രണ്ട് സ്വാശ്രയ കോളജ് പൂട്ടിച്ചപ്പോള്‍ നിയമസഭ കൂടിയല്ലോ, പ്രത്യേക സമ്മേളനം വിളിച്ചല്ലോ. വിളിക്ക്, അപ്പോള്‍ ഞങ്ങള് പറയാം. ‘എന്നൊക്കെയായിരുന്നു പിന്നീടുള്ള വിശദീകരണം. പ്രശ്‌നപരിഹാരത്തിന് ഓഡിനൻസ് ഇറക്കാമല്ലോയെന്നു വീണ്ടും ചോദ്യമുയർന്നപ്പോൾ ‘ഞങ്ങൾ സമരത്തിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്. കേരള സര്‍ക്കാറിന്റെ ഹിന്ദുവേട്ടയ്ക്ക് എതിരായിട്ടുള്ള മുന്നേറ്റങ്ങളാണ് ഞങ്ങൾ നടത്തുന്നതെന്നൊക്കെ പറഞ്ഞു വിഷയം മാറ്റിവിടാനുള്ള ശ്രമവും സുരേന്ദ്രൻ നടത്തി.