ബി ജെ പി കേന്ദ്രനേതൃത്വം കെ സുരേന്ദ്രനെതിരായ പരാതി പരിഗണിക്കും
അഡ്മിൻ
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാത്ത കെ സുരേന്ദ്രന്റെ നിലപാട് തിരുത്താന്‍ ബി ജെ പി കേന്ദ്രനേതൃത്വം ഇടപെടണമെന്ന യുവമോര്‍ച്ച നേതാക്കളുടെ പരാതി പരിഗണിക്കുമെന്ന് സൂചനകള്‍. മഞ്ചേശ്വരത്തെ സിറ്റിംഗ് സ്ഥാനാര്‍ത്ഥി താനാണെന്ന് സ്വയം പ്രഖ്യാപിച്ച ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന്, തോല്‍വി ഭയന്നാണ് തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാത്തത് എന്നാണ് തെളിവുകള്‍ സഹിതം യുവമോര്‍ച്ച നേതാക്കള്‍ പരാതി നല്‍കിയിട്ടുള്ളത്.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് കെ സുരേന്ദ്രന് നേരത്തെ എടുത്ത അനുകൂല നിലപാടുകളും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ചുംബനസമര ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയുമായി കെ സുരേന്ദ്രനുള്ള ബന്ധവും തെളിവുകള്‍ സഹിതം ബി ജെ പി കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിക്കാന്‍ യുവമോര്‍ച്ചയ്ക്ക് സാധിച്ചിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനം ആര്‍ത്തവശുദ്ധി തുടങ്ങിയ വിഷയങ്ങളില്‍ സംഘടിപ്പിച്ച സംവാദങ്ങളിലും ചര്‍ച്ചകളിലും കെ. സുരേന്ദ്രനും രഹ്ന ഫാത്തിമയും ഒന്നിച്ച് പങ്കാളികളായതും തുടര്‍ന്ന് അവര്‍ നടത്തിയ സ്വകാര്യ ചര്‍ച്ചകളും ഫോട്ടോകള്‍ സഹിതമുള്ള തെളിവുകളോടെ യുവമോര്‍ച്ച നേതാക്കള്‍ പരാതിയുടെ കൂടെ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രഹ്ന ഫാത്തിമയ്ക്ക് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ കെ സുരേന്ദ്രന് ശുപാര്‍ശ ചെയ്തതിന്റെ ഫോണ്‍ റിക്കാര്‍ഡും ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ മുന്നിലുണ്ട്.
ഇത്തരം കാര്യങ്ങളെല്ലാം മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ പ്രചരണായുധമായി മാറിയാല്‍ കെട്ടിവെച്ച കാശുപോലും തിരികെ ലഭിക്കില്ലെന്ന് മനസിലാക്കിയാണ് കെ സുരേന്ദ്രന് തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാത്തത് എന്നാണ് യുമോര്‍ച്ച നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. കെ സുരേന്ദ്രന്റെ സിറ്റിംഗ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് ചെറുപ്പക്കാരായ പുതിയ സ്ഥാനാര്‍ത്ഥികളെ മഞ്ചേശ്വരത്ത് നിയോഗിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെടുന്നു.
ബി ജെ പി കേന്ദ്രനേതൃത്വത്തിന് നല്കിയ യുവമോര്‍ച്ച നേതൃത്വത്തിന്റെ പരാതിക്ക് പിറകില്‍ കെ സുരേന്ദ്രന് വിരുദ്ധ വിഭാഗമാണെന്നാണ് ബി ജെ പിയിലെ സുരേന്ദ്രന് പക്ഷം ആരോപിക്കുന്നത്.