കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെ സുധാകരനെതിരെ പരസ്യമായി തെറിവിളി

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ഓഫീസായ ഇന്ദിരാഭവനില്‍ വെച്ച് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് പരസ്യ തെറിവിളി. സുധാകരന്റെ അസാന്നിധ്യത്തിലാണ് മുതിര്‍ന്ന കെ പി സി സി നേതാക്കള്‍ കടുത്ത വിമര്‍ശനം പരസ്യമായി ഉന്നയിക്കുമ്പോള്‍ തെറിയഭിഷേകം കൂടി നടത്തിയത്. കെ സുധാകരൻ ആര്‍ എസ് എസ് ഏജന്റാണെന്ന ഗുരുതരമായ ആരോപണവും വിമര്‍ശകര്‍ ഉയര്‍ത്തി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനകത്തെ പടലപ്പിണക്കം മറനീക്കി പുറത്തുവരുന്ന പ്രതികരണമാണ് ഉണ്ടായത്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നില്‍ വെച്ചായിരുന്നു സുധാകരനെതിരായ അസഭ്യവര്‍ഷം. വിമര്‍ശകരെ തിരുത്താത്ത മുല്ലപ്പള്ളിയുടെ നിലപാടില്‍ കെ സുധാകരന്‍ ഖിന്നനാണ്. തന്നെ ചീത്തവിളിച്ചവര്‍ക്കുള്ള മറുപടി അതേനാണയത്തില്‍ കെ പി സി സി ഓഫീസിലെത്തി നല്‍കുമെന്നാണ് തന്റെ അനുയായികളോട് കെ സുധാകരന്‍ പറയുന്നത്.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയിട്ടും കേരളത്തില്‍ പ്രതിലോമപരമായ നിലപാട് കൈക്കൊള്ളാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കുന്നത് കെ സുധാകരനാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍, ക്ഷേത്രങ്ങളില്‍ പോയി താന്‍ ബ്രാഹ്മണനാണെന്ന് അവകാശപ്പെട്ടതുപോലുള്ള വൃത്തികെട്ട നാടകങ്ങള്‍ കാണിക്കാന്‍ താന്‍ തയ്യാറായില്ലല്ലോ എന്ന മറുപടിയാണ് കെ സുധാകരന്‍ രാഹുല്‍ഗാന്ധിയുടെ മൃദുഹിന്ദുത്വ സമീപനത്തെ തുറന്നുകാട്ടി തന്റെ അടുപ്പമുള്ള വൃത്തങ്ങളോട് പ്രതികരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ കെ പി സി സി പ്രസിഡന്റിന്റെയും വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ രണ്ടുപേരുടെയും നിലപാടിനെതിരെ മൂന്നാമത് വര്‍ക്കിംഗ് പ്രസിഡന്‍രായ എം ഐ ഷാനവാസ് എ ഐ സി സി നേതൃത്വത്തിനോട് പരാതി നല്‍കാനുള്ള സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. നിലവില്‍ കെ പി സി സിയും പ്രതിപക്ഷ നേതാവും കൈക്കൊണ്ട നിലപാട്, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വലിയ തിരിച്ചടി സമ്മാനിക്കും എന്നാണ് ഷാനവാസിന്റെ വാദം.  

01-Nov-2018