ലക്നൗ: ക്ഷേത്രനിര്‍മ്മാണത്തിനുള്ള ആവശ്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഓര്‍ഡിനന്‍സിനായി കാത്തിരിക്കില്ലന്നു രാം ജന്മഭൂമി ന്യാസ് പ്രസിഡന്റ് രാം വിലാസ് വേദാന്തി. ഉഭയകക്ഷി സമ്മതത്തോടെ നിര്‍മ്മാണം തുടങ്ങുമെന്നാണ് വേദാന്തി അറിയിച്ചിരിക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് ഡിസംബറില്‍ത്തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് വേദാന്തി നേരത്തെ വ്യക്തമാക്കിയിരുന്നു.ചര്‍ച്ചകള്‍ നടത്തിയ ശേഷം ലക്‌നൗവില്‍ മുസ്ലിം പള്ളി പണിത് നല്‍കുമെന്നും വേദാന്തി കൂട്ടിച്ചേര്‍ത്തു. നേരത്തെ അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടി വച്ചതില്‍ ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.ക്ഷേത്രത്തിനു വേണ്ടി 1992 ല്‍ നടത്തിയത് പോലെയുള്ള പ്രകടനങ്ങള്‍ നടത്താൻ മടിക്കില്ലെന്ന് ഭയ്യാജി ജോഷി പറഞ്ഞിരുന്നു. അതേസമയം സുപ്രീം കോടതിക്ക് കീഴിലുള്ള കേസ്സുകളിൽ സര്‍ക്കാറിന് നിയമം പാസ്സാക്കാനുള്ള അനുമതി ഉണ്ടെന്നു ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. നിയമ നിര്‍മ്മാണത്തിലൂടെ കോടതി വിധി മാറ്റിയെഴുതിയ ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.