വേടന്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ ഇനിയും പാടിക്കൊണ്ടിരിക്കട്ടെ: കെ കെ ശൈലജ
അഡ്മിൻ
വേടന്റെ പാട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെയുള്ള മൂര്‍ച്ചയുള്ള വാക്കുകളാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. വലിയ തോതില്‍ സാമുഹ്യ പുരോഗതിയുണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന ശ്രീനാരായണ ഗുരു ദേവന്റെ വചനങ്ങള്‍ ഉള്‍കൊണ്ട കേരളത്തില്‍ ജാതിബോധം നിലനില്‍ക്കുന്നത് നാം നേടിയ പുരോഗതിക്ക് നിരക്കാത്ത കാര്യമാണെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ഇടുക്കിയില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വേടന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പിന്തുണ അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘വേടന്റെ പാട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെയുള്ള മൂര്‍ച്ചയുള്ള വാക്കുകളാണ്. വലിയ തോതില്‍ സാമുഹ്യ പുരോഗതിയുണ്ടായിട്ടുള്ള സംസ്ഥാനമാണ് കേരളം. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന ശ്രീനാരായണ ഗുരു ദേവന്റെ വചനങ്ങള്‍ ഉള്‍കൊണ്ട കേരളത്തില്‍ ജാതിബോധം നിലനില്‍ക്കുന്നത് നാം നേടിയ പുരോഗതിക്ക് നിരക്കാത്ത കാര്യമാണ്. ഓരോ അര കിലോമീറ്ററിലും ഒരു ജാതി മാട്രിമോണി പരസ്യം കാണുന്ന കേരളത്തില്‍ ജാതി വിവേചനമില്ലെന്ന് പറയുന്നതെങ്ങനെ? എന്ന വേടന്റെ ചോദ്യം നാമോരുത്തരും സ്വയം ചോദിക്കേണ്ടതാണ്’, കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
‘വ്യക്തിപരമായി ഉണ്ടായ ചെറിയ വീഴ്ചകള്‍ തിരുത്തുമെന്നും ശരിയല്ലാത്ത കാര്യങ്ങള്‍ ആരും അനുകരിക്കരുതെന്നും പറയാന്‍ ആ യുവാവിന് കഴിഞ്ഞല്ലൊ. വേടന്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ ഇനിയും പാടിക്കൊണ്ടിരിക്കട്ടെ. കേവല ജാതി സ്വത്വബോധത്തിനടിമയായി എല്ലാ വിഭാഗത്തിലുമുള്ള നല്ല മനുഷ്യരെ അംഗീകരിക്കാത്ത സ്ഥിതി ഉണ്ടാകരുതെന്ന് മാത്രം’, എന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു.