ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് പ്രാധാന്യമുണ്ട്: മന്ത്രി വീണ ജോർജ്

ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് മഴക്കാലം മുന്നിൽ കണ്ട് നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാർഗനിർദ്ദേശങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങൾ പരമാവധി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മേയ് 16 ആണ് ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത്. പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയുള്ളൂ. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാം: ഉറവിടങ്ങൾ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം.

15-May-2025