കോൺഗ്രസ് നേതാക്കൾ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് പിഎംഎ സലാം

കോൺഗ്രസ് നേതാക്കൾ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കെപിസിസി പുനഃസംഘടനയിൽ വ്യത്യസ്ത പ്രസ്താവനകൾ നടത്തി കോൺഗ്രസ് നേതാക്കൾ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവർത്തികളിൽ നിന്ന് നേതാക്കൾ പിന്മാറണം. ഇത്തരം നടപടികൾ മുന്നണിയെ ബാധിക്കുന്നതാണ്. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓ‍ർക്കണം.

തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമാവണം. അതിന് ഘടക കക്ഷികളും സജ്ജരാകണം. യുഡിഎഫ് കെട്ടുറപ്പോടെ പോവുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ കെ.സുധാകരൻ നടത്തുന്ന പരസ്യ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്‌ലിം ലീഗ് നേതൃത്വം ഈ മുന്നറിയിപ്പ് നൽകുന്നത്.

സുധാകരൻ്റെ പ്രതികരണത്തോട് മൗനം പാലിക്കാനാണ് എഐസിസിയുടെയും കെപിസിസിയുടെയും തീരുമാനം. പരസ്യമായി മറുപടി പറഞ്ഞ് സ്ഥിതി വഷളാക്കേണ്ടെന്നാണ് ധാരണ. സുധാകരൻറേത് സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നതിലുള്ള സ്വാഭാവിക പ്രതികരണമായി കണ്ടാൽ മതിയെന്നാണ് നിലപാട്. അതേസമയം അധ്യക്ഷ പദവിയിലെ മാറ്റത്തെക്കുറിച്ച് സുധാകരനുമായും പാർട്ടിയിലും ചർച്ച ചെയ്തില്ലെന്ന വാദം എഐസിസി നേതാക്കൾ തള്ളി.

16-May-2025