അർജന്റീന ടീം നവംബർ, ഒക്ടോബർ മാസങ്ങളിൽ കേരളത്തിലേക്ക് വരാൻ സാധ്യത: മന്ത്രി വി. അബ്ദുറഹിമാൻ

കായിക പ്രേമികൾക്ക് ആശ്വാസ വാർത്തയുമായി കായികമന്ത്രി വി. അബ്ദുറഹിമാൻ. മെസി വരുമെന്ന ഉറപ്പാണ് കായിക മന്ത്രി പങ്കുവെച്ചത്. ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. ഇന്ന് കൂടി അർജൻ്റീന ടീമുമായി സംസാരിച്ചതാണ്. നിലവിൽ അർജൻ്റീനയുമായി സർക്കാർ നല്ല ബന്ധത്തിൽ ആണ്. നവംബർ, ഒക്ടോബർ മാസങ്ങളിൽ ആണ് കേരളത്തിലേക്ക് വരാൻ സാധ്യത ഉള്ളതെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ മത്സരങ്ങൾ നടത്തുന്നതിന് ആവശ്യമായ സൗകര്യമുള്ള രണ്ട് സ്റ്റേഡിയങ്ങളുണ്ട്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡും, എറണാകുളത്തെ കലൂർ സ്റ്റേഡിയവും ഇതിനുപയോഗിക്കാൻ സാധിക്കും. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയങ്ങളായതിനാൽ സ്റ്റേഡിയം സംബന്ധിച്ച് ആശങ്ക ഇല്ലെന്നും മന്ത്രി അറിയിച്ചു.

പറഞ്ഞ സമയത്ത് കളി നടക്കുമെന്നാണ് സ്പോൺസർ സർക്കാരിനെ അറിയിച്ചത്. അത് അതിനനുസരിച്ച് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. പണം അടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ ഒരു അനുമതി കൂടി കിട്ടണമായിരുന്നു. അത് ഇപ്പോൾ കിട്ടിയിട്ടുണ്ട്. അടുത്ത ആഴ്ച സ്പോൺസർ പണം അടയ്‌ക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. അടുത്താഴ്ച എല്ലാ കാര്യത്തിലും വ്യക്തതയുണ്ടാകും. സ്പോർട്സും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി ഓർമപ്പെടുത്തി.

മെസി കേരളത്തിൽ വരുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പോൺസർ ആൻ്റോ അഗസ്റ്റിനും പ്രതികരിച്ചിരുന്നു. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് അർജൻ്റീന ഫുട്‌ബോൾ അസോസിയേഷനുമായാണ് എഗ്രിമെൻ്റ് വെച്ചിരിക്കുന്നതെന്ന് സ്പോൺസറായ ആൻ്റോ അഗസ്റ്റിൻ അറിയിച്ചു. പ്രോസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. എഗ്രിമെൻ്റ് വ്യവസ്ഥകളും പൂർത്തിയാക്കി വരികയാണെന്ന് ആൻ്റോ അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്.

17-May-2025