ശാസ്ത്രാവബോധം വ്യാപകമാക്കും: മുഖ്യമന്ത്രി
അഡ്മിൻ
സുസ്ഥിര വളർച്ചക്കും സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനത്തിനും ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രൊഫഷണലുകളുമായുള്ള സംവാദ പരിപാടിയായ പ്രൊഫഷണൽ 2025 ൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വർഷങ്ങൾക്കപ്പുറം നവോത്ഥാന നായകന്മാരുടെ നേതൃത്വത്തിലും തുടർന്നും ഇല്ലാതാക്കിയ അന്ധവിശ്വാസങ്ങൾ തിരികെ വരുന്ന, വ്യാപകമാകുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഗവേഷണ പിന്തുണയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പല ദേശീയ ഗ്രാൻഡുകളും ഇല്ലാതാകുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
ഗവേഷണ മേഖലക്കായി സംസ്ഥാനം കൈരളി ഗവേഷണ പുരസ്‌കാരം, നവകേരള സൃഷ്ടിക്കനുയോജ്യമായ മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ 30 മികവിന്റെ കേന്ദ്രങ്ങൾ, സർവകലാശാലകൾ കേന്ദ്രീകരിച്ച് ട്രാൻസ്ലേഷണൽ ലാബുകൾ എന്നിവ ആരംഭിച്ചു. ഡിജിറ്റൽ സയൻസ് പാർക്കുകളും എഐ ഹബ്ബുകളും ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങളിലൂടെ ശാസ്ത്ര മനോഭാവം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി കേരളം മുന്നോട്ട് പോവുകയാണ്. മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകൾക്കായി സംസ്ഥാനം 600 കോടി രൂപയാണ് ചെലവഴിക്കുന്നത്.
ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യജീവിതത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതല്ല. ഗവേഷണ കണ്ടെത്തലുകൾ അടക്കം സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാൻ കഴിയുന്ന വിജ്ഞാന അധിഷ്ഠിത സമൂഹമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനുദിനം മാറുന്ന വൈജ്ഞാനിക ശ്യംഖലയെ നമ്മുടെ നാടിന്റെ വികസനവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരുടെയടക്കം നിർലോഭമായ പിൻതുണ സംസ്ഥാനത്തിനുണ്ടാകണം. ഈ സാഹചര്യത്തിലാണ് പ്രൊഫഷലുകളുമായുള്ള സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളെ പ്രോൽസാഹിപ്പിക്കുന്നതിന് വിദ്യാർഥികൾക്കായി യംഗ് ഇന്നവേറ്റേഴ്‌സ് ചലഞ്ച് ഉൾപ്പെടെ നിരവധി പരിപാടികൾ നടപ്പിലാക്കുന്നു. തിരുവനന്തപുരത്തെ എ ഐ ഹബ്ബാക്കുന്നതിന് ടെക്‌നോപാർക്ക്, ഐ സി ടി അക്കാദമി, സ്റ്റാർട്ടപ്പ് മിഷൻ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. 2016-ൽ കേരളത്തിലെ ഐ ടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നത് നിലവിൽ 1256 ആയതോടെ സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർദ്ധിച്ചു. വ്യവസായ സാങ്കേതിക വളർച്ചക്കൊപ്പം കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തിനുള്ള പ്രവർത്തനങ്ങളും തുടർന്നു വരുന്നു.
ലോകത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നൂതനത്വവും സാങ്കേതികത്തികവുമാർന്ന ഒരു സമൂഹമായി നവകേരളമായി രൂപപ്പെടുത്താൻ സംവാദ പരിപാടിക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീർ സ്വാഗതമാശംസിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ പ്രതിനിധികളെ അഭിസംബോധന ചെയ്തു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ സാബു പരിപാടിക്ക് നന്ദി അറിയിച്ചു.
17-May-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ