വിയോജിപ്പുകൾ കൃത്യമായി മുന്നോട്ട് വെക്കും : ജോൺ ബ്രിട്ടാസ് എംപി

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് കൊണ്ടുള്ള വിദേശ പര്യടനത്തിന് പ്രതിനിധികളെ തെരഞ്ഞെടുത്തത് സർക്കാരാണെന്ന് ജോൺ ബ്രിട്ടാസ് എംപി. ഒരുപാട് ഘടകങ്ങൾ പരി​ഗണിച്ചുണ്ടാക്കിയ പട്ടികയാണെന്നാണ് മനസിലാക്കുന്നത്. പാർലമെൻറ്കാര്യ മന്ത്രിയാണ് ഇക്കാര്യം വിളിച്ചറിയിച്ചതെന്നും പാർട്ടിയുമായി ആലോചിച്ചാണ് ദൗത്യത്തിന്റെ ഭാഗമായതെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി നിലകൊള്ളണം എന്ന നയസമീപനത്തിന്റെ ഭാ​ഗമായാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. വിയോജിപ്പുകൾ കൃത്യമായി മുന്നോട്ട് വയ്ക്കുമെന്നും രാജ്യസഭാ എംപി അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂർ ഏതെങ്കിലും തരത്തിലുള്ള ധ്രുവീകരണത്തിനോ രാഷ്ട്രീയ നേട്ടത്തിനോ ഉപയോ​ഗിക്കുന്നുണ്ടോ എന്നത് ആശങ്കയാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇന്ത്യ എന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടത് പരമപ്രധാനമാണ്. അത് മുൻനിർത്തിയാണ് ദൗത്യസംഘം വിദേശത്തേക്ക് പോകുന്നത്. ആഭ്യന്തര രാഷ്ട്രീയത്തിൽ ഉയരുന്ന ചോദ്യങ്ങൾ വിദേശ ദൗത്യത്തിന്റെ ഭാ​ഗമാകില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

"ആ ഉത്തരവാദിത്തബോധവും വിശാല കാഴ്ചപ്പാടും അവലംബിക്കാനുള്ള ധാരണ ദൗത്യത്തിന്റെ ഭാ​ഗമാകുന്ന ജനപ്രതിനിധികൾക്കുണ്ട്. നമ്മുടെ രാജ്യമാണ് പ്രധാനം," ജോൺ ബ്രിട്ടാസ് പറഞ്ഞു.

ദീർഘകാലമായി രാജ്യം നേരിടുന്ന 'തീവ്രവാദം' എന്ന പ്രതിസന്ധിയിൽ ലോകരാഷ്ട്രങ്ങൾ എന്തുകൊണ്ട് ഇന്ത്യക്കൊപ്പം നിലകൊള്ളണം എന്ന് വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി ദൗത്യസംഘം ആശയവിനിമയം നടത്തും. ഇതേക്കുറിച്ച് വിദേശകാര്യ മന്ത്രാലയം സമ​ഗ്രമായ ഒരു വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ അത്തരത്തിലൊന്ന് നൽകിയിട്ടില്ല. പ്രതിനിധി സംഘം പുറപ്പെടും മുൻപ് വ്യക്തമായ ഒരു വിശദീകരണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടാസ് അറിയിച്ചു.

18-May-2025