കള്ളപ്പണം തടയാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തുന്നത്: എ എ റഹിം എംപി
അഡ്മിൻ
ഇ ഡി യൂണിറ്റിലെ കൈക്കൂലി കേസിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. കള്ളപ്പണം തടയാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരാണ് അഴിമതി നടത്തുന്നത്.
കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന നിരവധി ആരോപണങ്ങളാണ് കൊച്ചിയിലെ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ വരുന്നത്. നിയമവാഴ്ചയ്ക്ക് ഇത് ഭീഷണിയാണ്. കുറ്റാരോപിതരായ മുഴുവൻ ആളുകളെയും ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് എ എ റഹീം കത്തിലൂടെ ആവശ്യപ്പെട്ടു.
ഇഡി അസിസ്റ്റൻഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസ് കൈക്കൂലി കേസെടുത്തതോടെ ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഇ ഡി ഡയറക്ടർ കൊച്ചി സോണൽ ഓഫീസിനോട് ആരോപണത്തിൽ റിപ്പോർട്ട് തേടി. അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിർദ്ദേശം. രഹസ്യസ്വഭാവത്തിൽ അയക്കേണ്ട സമൻസ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തും.