കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച് ബിനോയ് വിശ്വം
അഡ്മിൻ
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ലോകത്തെ അറിയിക്കാനുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ തലവനായി നിര്‍ദേശിക്കപ്പെട്ട കോണ്‍ഗ്രസ് എംപി ശശി തരൂരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ സ്ലീപ്പിങ് സെല്ലില്‍ സ്ഥാനം തേടുകയാണ് ശശി തരൂരെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഇത്തരം കാര്യങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ബിജെപിക്ക് അറിയാം. ഭീകരതയ്ക്കെതിരായ പോരാട്ടത്തെ പാര്‍ട്ടി നേട്ടത്തിനായുള്ള പോരാട്ടമായി ബിജെപി മാറ്റുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
"കോണ്‍ഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിങ് സെല്ലിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല. ശശി തരൂര്‍ ആ സെല്ലില്‍ തന്റെ ബര്‍ത്ത് തേടുകയാണെന്ന് തോന്നുന്നു.ഇത്തരം കാര്യങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ബിജെപിക്ക് അറിയാം. ഭീകരതയ്ക്കെതിരായ പോരാട്ടം പോലും അവര്‍ പാര്‍ട്ടി നേട്ടങ്ങള്‍ക്കായുള്ള പോരാട്ടമാണ്" -എന്നായിരുന്നു ബിനോയ് വിശ്വം എക്സില്‍ കുറിച്ചത്.
സര്‍വകക്ഷി സംഘത്തിലെ പ്രാതിനിധ്യത്തെ ചൊല്ലി കോണ്‍ഗ്രസും തരൂരും തമ്മില്‍ ഭിന്നാഭിപ്രായം ഉടലെടുത്ത സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. പാര്‍ട്ടി നല്കിയ പേരുകള്‍ അവഗണിച്ച് തരൂരിനെ പ്രതിനിധി സംഘത്തില്‍ ഒന്നിന്റെ തലവനായി സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.