ചില ക്ഷമാപണങ്ങള്‍ മുതലക്കണ്ണീരാകാമെന്ന് കോടതി; ബിജെപി മന്ത്രിയുടെ മാപ്പപേക്ഷ നിരസിച്ചു

കേണൽ സോഫിയ ഖുറേഷിക്കെതിരായ വർഗീയ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷായെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. രാജ്യം നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞ കോടതി അന്വേഷണത്തിന് പ്രത്യേക സമിതിയെയും നിയമിച്ചു.

ഐജി റാങ്കില്‍ കുറയാത്ത മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് സമിതി അംഗങ്ങള്‍. അംഗങ്ങളില്‍ ഒരാള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായിരിക്കും. ഇവർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും ആയിരിക്കും. എസ്‌ഐടി രൂപീകരിച്ച ശേഷം ഡിജിപി നാളെ സുപ്രീം കോടതിയെ അറിയിക്കണം. മന്ത്രി അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

മന്ത്രിയുടെ ക്ഷമാപണം സുപ്രീം കോടതി അംഗീകരിച്ചില്ല. ചില ക്ഷമാപണങ്ങള്‍ മുതലക്കണ്ണീരാകാമെന്ന് സുപ്രീം കോടതി വിമർശിക്കുകയും ചെയ്തു. മന്ത്രിയുടെ ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അംഗീകരിക്കാനാകാത്ത പരാമര്‍ശമാണ് വിജയ് ഷാ നടത്തിയത് എന്ന് സുപ്രീം കോടതി പറഞ്ഞു.

വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. സൈന്യത്തെ സംബന്ധിച്ച പരാമര്‍ശം പ്രധാനമാണെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സുപ്രീം കോടതി വിജയ് ഷായെ ഓർമിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയാണ് മന്ത്രി എന്നോര്‍ക്കണമെന്നും രാജ്യം നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സുപ്രീം കോടതി പരോക്ഷമായി വിമർശിച്ചു.

19-May-2025