റാപ്പർ വേടനെതിരെ അധിക്ഷേപവുമായി കെ.പി. ശശികല

റാപ്പർ വേടനെതിരെ അധിക്ഷേപ പരാമർശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രം​ഗത്ത്. പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വേടനെതിരെ കെ.പി. ശശികല പരാമർശം നടത്തിയത്. പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിൻറെ ഫണ്ട് ചെലവഴിച്ച് പരിപാടി നടത്തുമ്പോൾ പട്ടികജാതി- പട്ടികവർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ അവതരിപ്പിക്കേണ്ടത്, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക്‌ തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് ഇങ്ങനെയാണോ എന്ന് ശശികല ചോദിച്ചു.

വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണ്. ഇത്തരക്കാർ പറയുന്നത് മാത്രമേ കേൾക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം. ഇങ്ങനെയുള്ള പരിപാടികളിൽ പതിനായിരങ്ങൾ തുള്ളേണ്ടി വരുന്നത് ഗതികേടാണ്. ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ് കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് ഭരണകൂടത്തിന് മുന്നിൽ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത് എന്ന് ശശികല പറഞ്ഞു.

റാപ്പർ വേടൻറെ പാട്ടുകൾ ജാതി ഭീകരവാദം വളർത്തുന്നുവെന്ന ആർ.എസ്.എസ് നേതാവ് ഡോ.എൻ ആർ. മധുവിൻറെ ആരോപണത്തെ പിന്തുണച്ച് ശശികല രംഗത്തെത്തിയിരുന്നു. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്‍ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്നും ആരോപിച്ചു.

വിദ്വേഷപ്രസംഗം നടത്തിയ മ​ധുവിനെതിരെ ഭാരതീയ ന്യായസംഹിത 192 വകുപ്പ്‌ പ്രകാരം കലാപത്തിന്‌ ആഹ്വാനം ചെയ്‌തതിന്‌ കേസെടുത്തിരുന്നു. കേസെടുത്തത് പൗരന്റെ മൗലീക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ശശികല ആരോപിച്ചു.

21-May-2025