ദേശീയപാതാ നിർമാണത്തിന്‍റെ പൂർണ നിയന്ത്രണം കേന്ദ്രത്തിന് : മുഖ്യമന്ത്രി

മലപ്പുറം കൂരിയാട് ഉൾപ്പടെ സംസ്ഥാനത്ത് നിർമാണത്തിനിടെ ദേശീയപാത തകരുന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാഷണൽ ഹെെവെ നിർമാണത്തിൻ്റെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

"ഇപ്പോൾ നാഷണൽ ഹൈവേയിലെ നിർമ്മാണത്തിൽ ചില പിഴവുകൾ വന്നു. അതോടെ അതിനെ വിമര്‍ശിച്ച് ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഭൂമി ഏറ്റെടുത്തു നൽകിയതിൽ ഈ സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാൽ, നിര്‍മാണത്തിന്‍റെ പൂർണ നിയന്ത്രണം കേന്ദ്രത്തിനാണ്" മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെ കുറ്റപ്പെടുത്താൻ ചിലർക്ക് കിട്ടിയ അവസരം ഉപയോഗിക്കുകയാണെന്നും വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നും ഞങ്ങളെ കുറ്റപ്പെടുത്താൻ വാസനയുള്ളവർ കിട്ടിയ അവസരം മുതലാക്കിയെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

"എന്തും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. വീഴ്ച വീഴ്ചയായി കണ്ട് നടപടി സ്വീകരിക്കണം. അത് ദേശീയപാത അതോറിറ്റിയുടെ ചുമതലയാണ്. എല്ലാം പറയാം മഹത എന്തും പറയാം വഷളാ എന്ന ചൊല്ലുപോലെ എന്തും പറയുന്ന അവസ്ഥയിലാണ് കാര്യങ്ങളെത്തിയത്" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

22-May-2025