കേരളം തകരണം എന്ന് ആഗ്രഹിച്ചവർ നിരാശപ്പെടുന്ന വളർച്ചയാണ് കേരളത്തിന് നേടാനായത്: മുഖ്യമന്ത്രി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാർഷികാഘോഷ സമാപന റാലിയിൽ ഈ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കൊല്ലത്ത് നടക്കുന്ന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇനി ചെയ്യാനുള്ളത്. അടുത്ത വർഷത്തിനുള്ളിൽ മുഴുവനും യാഥാർഥ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വാഗ്ദാനങ്ങൾ പാലിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നത് മറ്റ് എവിടെയും ഇല്ല. നമ്മുടെ നാടും ജനങ്ങളും പ്രകടിപ്പിച്ച ഐക്യവും ഒരുമയും അതാണ് അസാധ്യമെന്ന് കരുതിയ പലതും സാധ്യമാക്കുന്നതിലേക്ക് ഇടയാക്കിയത്.

കേരളം തകരണം എന്ന് ആഗ്രഹിച്ചവർ നിരാശപ്പെടുന്ന വളർച്ചയാണ് കേരളത്തിന് നേടാനായത്. എന്നാൽ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ടായി. ഏതൊരു സംസ്ഥാനത്തിന്റെ വരുമാനം സംസ്ഥാനത്തിന്റെ മാത്രം വരുമാനം അല്ല. അതിനോടൊപ്പം കേന്ദ്ര ഗവൺമെന്റ് നൽകുന്ന വിഹിതം ഉണ്ട്.

ദൗർഭാഗ്യവശാൽ നമുക്ക് വലിയ ദുരനുഭവമാണ് ഉണ്ടായത്. മാനദണ്ഡങ്ങൾക്ക് അനുസൃതമായ കേന്ദ്രവിഹിതം ലഭിച്ചില്ല. അർഹതപ്പെട്ട കടം എടുക്കുന്നത് കേന്ദ്ര സർക്കാർ നിഷേധിക്കുന്ന നില ഉണ്ടായി. എന്നാൽ ഇതിനെയെല്ലാം അതീജീവിക്കുന്നതിൽ നല്ല വിജയം നേടാനായെന്നും അദ്ദേഹം പറഞ്ഞു.

23-May-2025