വേടനെ അധിക്ഷേപിക്കാൻ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉപയോഗിച്ച തെറിവാക്ക് വളരെ മോശമാണെന്നും അത് പിൻവലിക്കണമെന്നും ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. ആരുടെ വായിൽ നിന്നായാലും വന്നുകൂടാത്ത ഒരു വാക്കാണതെന്നും രാഹുൽ ഈശ്വർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു. ‘വേടന്റെ ആശയത്തോട് നേരെ എതിരുനിൽക്കുന്നയാളാണ് ഞാൻ. ഞാൻ ഒരു സവർണ ഹിന്ദു വലതുപക്ഷ പ്രവർത്തകനാണ്. വേടൻ എന്റെ നേരെ എതിർപക്ഷത്തു നിൽക്കുന്നയാളാണ്. പക്ഷേ, വേടനോട് എനിക്ക് ഇഷ്ടമാണ്, ബഹുമാനമാണ്. കഴിവുള്ള വ്യക്തിയാണ്. അതുപോലെ ശശികല ടീച്ചറിനോടും ബഹുമാനമുണ്ട്. പക്ഷേ, ശശികല ടീച്ചർ ഉപയോഗിച്ച വാക്ക് ഒരുകാരണവശാലും ആരും ഉപയോഗിച്ചു കൂടാത്ത വാക്കാണ്. ടീച്ചർ ഒരു അമ്മയാണ്, അധ്യാപികയാണ്. ആ വാക്ക് ഉപയോഗിക്കരുത്. വേടൻ ഉപയോഗിച്ച തമിഴ്വാക്കിനേക്കാൾ മോശമാണത്.
ഇത് രണ്ടും തമ്മിൽ താരതമ്യം ചെയ്യാൻ പോലും പറ്റില്ല. സ്ത്രീ വിരുദ്ധവും ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന മോശം തെറിവാക്കിന്റെ മറ്റൊരു രൂപവുമാണ് ശശികല ഉപയോഗിച്ചത്. ഒരു സ്ത്രീയുടെ വായിൽനിന്നോ മറ്റൊരുടെയും വായിൽനിന്നോ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഹിന്ദു ഐക്യവേദി പരിപാടിയിലാണ് വേടനെ കഞ്ചാവുമായി കൂട്ടിച്ചേർത്ത് ശശികല മോശം പരാമർശം നടത്തിയത്. ‘പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിൻറെ ഫണ്ട് ചെലവഴിച്ച് പരിപാടി നടത്തുമ്പോൾ പട്ടികജാതി- പട്ടികവർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ അവതരിപ്പിക്കേണ്ടത്, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് ഇങ്ങനെയാണോ? ഇന്ന് വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നത്. ഇന്ന് (കഞ്ചാവുമായി ചേർത്ത് തെറിവാക്ക് പറയുന്നു) ഇത്തരക്കാർ പറയുന്നത് മാത്രമേ കേൾക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം.
ഇങ്ങനെയുള്ള പരിപാടികളിൽ പതിനായിരങ്ങൾ തുള്ളേണ്ടി വരുന്നത് ഗതികേടാണ്. ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ് കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് ഭരണകൂടത്തിന് മുന്നിൽ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്’ എന്നായിരുന്നു ശശികല പ്രസംഗിച്ചത്. ഇതിനെതിരെയാണ് രാഹുൽ ഈശ്വർ രംഗത്തുവന്നത്.