പോലീസ് കസ്റ്റഡിയിൽ മാനസിക പീഡനം നേരിട്ട ബിന്ദുവിനെ കെ കെ ശൈലജ ടീച്ചർ സന്ദർശിച്ചു
അഡ്മിൻ
മാലമോഷണ പരാതിയുടെ പേരിൽ പേരൂർക്കട പോലീസിന്റെ കസ്റ്റഡിയിൽ മാനസിക പീഡനം നേരിട്ട ദലിത് യുവതി ബിന്ദുവിനെ കെ കെ ശൈലജ ടീച്ചർ എംഎൽഎ സന്ദർശിച്ചു. യുവതിക്കെതിരായ നടപടിയുടെ പേരിൽ പേരൂർക്കട സ്റ്റേഷനിലെ എസ്‌ഐ, എ എസ്‌ഐ എന്നിവർക്കെതിരെ സർക്കാർ നടപടി എടുത്തതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ കെ ശൈലജ ടീച്ചറിന്റെ സന്ദർശനം.
വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ തൃപ്തയാണെന്ന് ബിന്ദു കെ കെ ശൈലജ ടീച്ചറിനോട് പ്രതികരിച്ചു. ഡി കെ മുരളി എംഎൽഎ , മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, ഏരിയാ സെക്രട്ടറി സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർക്കൊപ്പമായിരുന്നു കെ കെ ശൈലജ ടീച്ചർ ബിന്ദുവിന്റെ വീട്ടിലെത്തിയത്.
ബിന്ദു ജോലി ചെയ്തിരുന്ന കുടപ്പനക്കുന്ന് എൻസിസി റോഡിലെ വീട്ടിൽനിന്ന് 18 ഗ്രാമിന്റെ സ്വർണമാല കാണാതായ സംഭവമായിരുന്നു വിഷയങ്ങളുടെ തുടക്കം. വീട്ടുടമ ഓമന ഡാനിയേൽ നൽകിയ പരാതിയിലായിരുന്നു ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽനിന്നുതന്നെ മാലകിട്ടിയതോടെ ബിന്ദുവിനെതിരെയെടുത്ത എഫ്‌ഐആർ പൊലീസ് പിന്നീട് റദ്ദാക്കി.
ഇല്ലാത്ത മാലമോഷണത്തിന്റെ പേരിൽ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്ന സംഭവം വിവാദമായതോടെത്തിൽ എസ് ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.