നിലമ്പൂർ സിപിഎം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല
അഡ്മിൻ
നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിലെ സി പി എം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്നും ഒരാഴ്ചക്കകമാകും പ്രഖ്യാപനം എന്ന് നേരത്തെ പറഞ്ഞതാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. പ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാകുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. മലപ്പുറത്ത് ചേർന്ന പാർട്ടി യോഗത്തിന് ശേഷമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
അതിനിടെ പി വി അൻവർ അടഞ്ഞ അധ്യായമെന്ന് അഭിപ്രായപ്പെട്ട് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്തെത്തി. അൻവർ എൽ ഡി എഫിൽ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ലെന്നും ടി പി അഭിപ്രായപ്പെട്ടു. അൻവറിന്റെ നിലപാട് യു ഡി എഫിന് അനുകൂലമായിരിക്കും. ഞങ്ങളെ അത് ബാധിക്കില്ല. ഇക്കാര്യത്തിൽ എൽ ഡി എഫ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും കൺവീനർ കൂട്ടിച്ചേർത്തു.
യു ഡി എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചത് കൊണ്ട് എന്തെങ്കിലും പ്രത്യേക നില യു ഡി എഫിന് ഉണ്ടാകുമെന്ന് ഞങ്ങൾ കണക്കാക്കുന്നില്ല. നാടിന്റെ പ്രശ്‌നങ്ങൾ മണ്ഡലത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥാനാർഥിയെ എൽ ഡി എഫ് നിശ്ചയിക്കും. ഏത് സമയത്തും സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയുമെന്നും പാർട്ടി സംഘടന തലത്തിലും മുന്നണിയുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളുണ്ടെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.
കേരളത്തിൽ മാറി വന്ന രാഷ്ട്രീയ സാഹചര്യം എൽ ഡി എഫിന് അനുകൂലമാണ്. ഓരോ സന്ദർഭത്തിലും ഉള്ള രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പ്രത്യേകത വെച്ചാണ് തെരഞ്ഞെടുപ്പിന്റെ ഫലം രൂപപ്പെടുന്നത്. ഈ തെരഞ്ഞെടുപ്പിലും അത് ബാധകമാണെന്നും സ്ഥാനാർഥിയെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും എൽ ഡി എഫ് കൺവിനർ വ്യക്തമാക്കി.