ഇഡി നടപടിയില്‍ റോബര്‍ട്ട് വാദ്രയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയ്ക്ക് പിന്നാലെ റോബര്‍ട്ട് വാദ്രയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. കഴിഞ്ഞ പത്ത് വര്‍ഷമായി തന്റെ സഹോദരി ഭര്‍ത്താവിനെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്ന നടപടികളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദുരുദ്ദേശ്യപരവും രാഷ്ട്രീയ പ്രേരിതവുമായ അപവാദവും പീഡനവും ആരോപണവും നേരിടുന്ന റോബര്‍ട്ടിനും പ്രിയങ്കക്കും മക്കള്‍ക്കുമൊപ്പം താന്‍ നില്‍ക്കുന്നു. ഏത് തരത്തിലുള്ള പീഡനത്തെയും നേരിടാന്‍ അവരെല്ലാം ധൈര്യശാലികളാണെന്ന് തനിക്കറിയാം. അവര്‍ അത് അന്തസ്സോടെ തുടരും. സത്യം ഒടുവില്‍ വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഹരിയാനയിലെ മനേസര്‍-ഷിക്കാപൂരിലെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ ഇഡി നടപടി. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയുടെ 37.64 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.

രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി വരുന്ന 43 വസ്തുവകകളാണ് കണ്ടുകെട്ടിയത്. റോബര്‍ട്ട വാദ്രയടക്കം കേസിലകപ്പെട്ട മറ്റുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

18-Jul-2025