താമര തണ്ടൊടിഞ്ഞു

ന്യൂഡല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി തകരുന്നതിന്റെ സൂചനകള്‍. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രാജസ്ഥാനിലെ 200 സീറ്റുകളില്‍ കോണ്‍ഗ്രസ് 101 സീറ്റുകളിലും ബിജെപി 80 സീറ്റുകളിലും മുന്നേറുകയാണ്. മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 114സീറ്റുകളില്‍ കോണ്‍ഗ്രസും ബി ജെ പി 100 സീറ്റിലും ലീഡ് നേടി. ഛത്തീസസ്ഗഡില്‍ ആകെയുള്ള 90 സീറ്റുകളില്‍ കോണ്‍ഗ്രസ് 57 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലും തെലങ്കാനയിലെ 119 സീറ്റുകളില്‍ ടി ആര്‍ എസ് 80 സീറ്റുകളിലും കോണ്‍ഗ്രസ് 26 സീറ്റുകളിലും മുന്നേറുന്നു. മിസോറാമിലെ 40 സീറ്റുകളില്‍ എംഎന്‍എഫ് 27 സീറ്റുകളിലും കോണ്‍ഗ്രസ് 8 സീറ്റിലും മുന്നേറുന്നു.

ഭരണവിരുദ്ധ  വികാരമാണ് ബിജെപിക്ക് രാജസ്ഥാനില്‍ തിരിച്ചടിയായത്.  പല മണ്ഡലങ്ങളിലും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളടക്കം പിന്നിലാണ്. മധ്യപ്രദേശില്‍ ആദ്യഫല സൂചനകളില്‍ അല്‍പം മുന്നിട്ടുനിന്നിരുന്ന ബിജെപിക്ക് പിന്നീട് തിരിച്ചടി നേരിടുകയായിരുന്നു.  ഭരണവിരുദ്ധ  വികാരം ബിജെപിയെ മധ്യപ്രദേശില്‍ പാടെ ഉലച്ചതായാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ ലീഡ് നിലയില്‍ മുന്നിലായിരുന്ന ബിജെപി പുറകിലേക്ക് പോകുകയായിരുന്നു. പല മണ്ഡലങ്ങളിലും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളടക്കം പിന്നിലാണ്.

ബിജെപിയുടെ തകര്‍ച്ചയില്‍ അമിത് ഷായടക്കമുള്ള കേന്ദ്ര നേതാക്കള്‍ പകച്ചിരിപ്പാണ്. ഇത്തരത്തിലുള്ള ഒരു തിരിച്ചടി ബിജെപി കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ജനങ്ങള്‍ പാടേ തള്ളിക്കളഞ്ഞിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തെളിയുന്നത്.

11-Dec-2018