താമര വാടിയ ഹൃദയഭൂമി

രാജ്യത്തിന്റെയും ലോകത്തിന്റെയാകെയും ശ്രദ്ധപിടിച്ചുപറ്റിയ അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി പരാജയം രുചിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെയാണ് ഈ തെരഞ്ഞെടുപ്പ് എന്നത് വളരെ പ്രസക്തമായ കാര്യമാണ്. രാജ്യത്തിന്റെ ഹൃദയഭൂമിയും ഹിന്ദിബെല്‍റ്റെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. പ്രതീക്ഷിക്കാത്ത ആഘാതത്തില്‍ ബിജെപി ക്യാമ്പ് ശോകമൂകമായി. തെലങ്കാനയില്‍ ടിആര്‍എസ് മൂന്നില്‍രണ്ട്  ഭൂരിപക്ഷത്തോടെ  ഭരണം നിലനിര്‍ത്തിയപ്പോള്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് മത്സരിച്ച മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) മിസോറമില്‍ അധികാരത്തിലെത്തി. 10 വര്‍ഷമായി അധികാരത്തിലിരുന്ന മിസോറം നഷ്ടപ്പെട്ടതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു ഭരണമില്ലാതായി എന്ന സവിശേഷതയും കാണാനായി.

അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വലിയ പ്രത്യേകത ഭരണവിരുദ്ധവികാരം അലയടിച്ചു എന്നതാണ്. കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരത്തേക്കാള്‍ അവിടങ്ങളില്‍ ഉയര്‍ന്നുനിന്നത് സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനിലപാടുകള്‍ക്കെതിരായ ജനരോഷമായിരുന്നു. അത് ബിജെപിക്കും കോണ്‍ഗ്രസിനും എതിരായി പ്രതിഫലിച്ചു. ഈ രണ്ട് പാര്‍ടികളും മുന്നോട്ടുവെക്കുന്ന സാമ്രാജ്യത്വ നയങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വായിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പ് ഫലം പ്രേരണനല്‍കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പാര്‍ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ശതകോടികള്‍ ചെലവിട്ട് മാസങ്ങളായി നടത്തിയ പ്രചാരണത്തിനും ജനരോഷത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മന്ത്രിമാര്‍ കൂട്ടത്തോടെ തോറ്റു. 15 വര്‍ഷമായി  രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍  'മാതൃകാഭരണം' നടത്തുന്ന സംസ്ഥാനമെന്ന് അവകാശപ്പെട്ടിരുന്ന ഛത്തീസ്ഗഢില്‍ 16 സീറ്റ് മാത്രമാണ്  ബിജെപിക്ക്  ലഭിച്ചത്. 90ല്‍ 68 സീറ്റോടെ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. ഭരണകൂടത്തെ ഉപയോഗിച്ച് വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ ജനങ്ങള്‍ എല്ലാ കാലത്തും കൂടെനില്‍ക്കുമെന്നുള്ള ബിജെപി വ്യാമോഹമാണ് ഇവിടെ തകിടംമറിഞ്ഞത്.

രാജസ്ഥാനില്‍ പ്രതിപക്ഷമെന്ന  നിലയില്‍  നിഷ്‌ക്രിയമായിരുന്ന കോണ്‍ഗ്രസിനെ തുണച്ചത് ബിജെപി സര്‍ക്കാരിനെതിരായ കര്‍ഷകരോഷമാണ്. വോട്ടെടുപ്പ് നടന്ന 199 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു 99 സീറ്റ് കിട്ടി. ബിജെപിക്ക് 73.  ഇവിടെ ഭാദ്ര, ശ്രീദുംഗര്‍ഗഡ് മണ്ഡലങ്ങള്‍ ബിജെപിയില്‍നിന്ന് സിപിഐ എം പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപിക്ക് 163 സീറ്റ് ലഭിച്ചിരുന്നു; കോണ്‍ഗ്രസിന് 21  സീറ്റ് മാത്രമായിരുന്നു.

മധ്യപ്രദേശില്‍  വോട്ടെണ്ണല്‍  അവസാനനിമിഷംവരെ മുള്‍മുനയിലാണ് നീങ്ങിയത്. 15 മണ്ഡലത്തില്‍ ഭൂരിപക്ഷം മാറിമറിഞ്ഞു. നാലാം  പ്രാവശ്യവും അധികാരത്തിലെത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി  ശിവ്‌രാജ്‌സിങ് ചൗഹാന് കേവലഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 114 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. ബിജെപി 109, ബിഎസ്പി രണ്ട്, എസ്പി 1, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞതവണ ബിജെപിക്ക് 143ഉം കോണ്‍ഗ്രസിന് 71ഉം സീറ്റായിരുന്നു.

തെലങ്കാനയില്‍ കാലാവധി തീരുംമുമ്പ് നിയമസഭ പിരിച്ചുവിട്ട് മത്സരിച്ച മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസ് മികച്ച വിജയം നേടി. 119 അംഗ സഭയില്‍ ടിആര്‍എസിന് 88 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് 19, എഐഎംഐഎം ഏഴ്,  ടിഡിപി രണ്ട്,  ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 2013ല്‍ ടിആര്‍എസ്  63, കോണ്‍ഗ്രസ് 21, എഐഎംഐഎം ഏഴ്,  ടിഡിപി രണ്ട്,  ബിജെപി അഞ്ച് എന്നിങ്ങനെയായിരുന്നു.

മിസോറമില്‍ കോണ്‍ഗ്രസ്  10 വര്‍ഷത്തെ ഭരണത്തിനുശേഷം ദയനീയ പരാജയം ഏറ്റുവാങ്ങി. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുമാത്രമാണ് കിട്ടിയത്. മുഖ്യമന്ത്രി ലാല്‍ത്തല്‍വാല  മത്സരിച്ച രണ്ടിടത്തും പരാജയപ്പെട്ടു. 26 സീറ്റില്‍ ജയിച്ചാണ് എംഎന്‍എഫ് അധികാരം ഉറപ്പിച്ചത്.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷത്തില്‍ വര്‍ഗീയത പറഞ്ഞുകൊണ്ട് മുന്നോട്ടുവരാനുള്ള ബിജെപി തന്ത്രം ഒന്നുകൂടി മൂര്‍ച്ചകൂട്ടാനാണ് ബിജെപി ക്യാമ്പ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ഈ ജയത്തില്‍ മതിമറന്ന് നില്‍ക്കുകയും മൃദുഹിന്ദുത്വവേഷത്തില്‍ തന്നെ തുടരാനും നിശ്ചയിച്ചാല്‍ തിരിച്ചടി കിട്ടുമെന്നതിലും സംശയം വേണ്ട. ലോകസഭാ ഇലക്ഷന്‍ സ്ട്രാറ്റജി പുതുക്കിക്കൊണ്ടു മുന്നോട്ടുപോകാന്‍ തയ്യാറായില്ലെങ്കില്‍ തീര്‍ച്ചയായും ജനങ്ങള്‍ കൂടെയുണ്ടാവില്ല എന്നതിന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിവായി മാറുകയാണ്.


12-Dec-2018