സമരം പൊളിഞ്ഞു. ബി ജെ പിയ്ക്കകത്ത് പൊട്ടിത്തെറി.

ശബരിമല വിഷയത്തില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നിരാഹാര സമരം 18ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ബി ജെ പിയ്ക്കകത്ത് പൊട്ടിത്തെറി. കലുഷിതമായ രാഷ്ട്രീയകാലാവസ്ഥയുണ്ടായിട്ടും ബി ജെ പി സംസ്ഥാന കമ്മറ്റി വിളിച്ചുചേര്‍ക്കാന്‍ തയ്യാറാവാത്ത ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ പി എസ് ശ്രീധരന്‍ പിള്ളയോടുള്ള രോഷത്തിനാണ് ബി ജെ പി സമരപ്പന്തല്‍ വേദിയാകുന്നത്. നിരാഹാരം കിടക്കുന്നവരുടെ കൂടെ നില്‍ക്കാനോ, സമരപ്പന്തലിലെ ദൈനംദിന കാര്യങ്ങള്‍ ഏകോപിപ്പിക്കാനോ ബി ജെ പി പ്രസിഡന്റെന്ന നിലയില്‍ ശ്രീധരന്‍ പിള്ള നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നും പറഞ്ഞ് ഗ്രൂപ്പ് തിരിഞ്ഞ് വാഗ്വാദത്തിലേര്‍പ്പെട്ട പ്രവര്‍ത്തകര്‍ കൈയ്യാങ്കളിയുടെ വക്കിലെത്തി. ശ്രീധരന്‍പിള്ള ഒളിവില്‍പ്പോയിരിക്കുകയാണോ എന്ന ബി ജെ പി സംസ്ഥാന കമ്മറ്റിയംഗത്തിന്റെ ചോദ്യത്തിന് പച്ചത്തെറി മറുപടിയായി നല്‍കിയാണ് പി കെ കൃഷ്ണദാസ് പക്ഷത്തെ നേതാവ് മറുപടി നല്‍കിയത്. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.

ആര്‍ എസ് എസ് നേതൃത്വം പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബി ജെ പി സംസ്ഥാന കമ്മറ്റി കൂടേണ്ട കാര്യമില്ലെന്നാണ് കൃഷ്ണദാസ് പക്ഷം പറയുന്നത്. കമ്മറ്റി കൂടിയാലും ഇല്ലെങ്കിലും ആര്‍ എസ് എസ് പറയുന്ന തീരുമാനങ്ങള്‍ മാത്രമേ സംഘടനയ്ക്കകത്ത് നടപ്പിലാവുകയുള്ളു. അതിനായി കമ്മറ്റി വിളിച്ച് സമയം കളയേണ്ടതില്ലെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്. ബി ജെ പിയുടെ ആവിര്‍ഭാവം മുതല്‍ അങ്ങനെതന്നെയാണല്ലൊ, അപ്പോഴൊക്കെ സംസ്ഥാന കമ്മറ്റി വിളിക്കാന്‍ കൃഷ്ണദാസും കൂട്ടരും നിര്‍ബന്ധം പിടിച്ചത് മറക്കരുതെന്നാണ് വി മുരളീധരന്‍ പക്ഷത്തിന്റെ ന്യായം. ബി ജെ പിയില്‍ ബാക്കിയുള്ള ജനാധിപത്യം പോലും ഇല്ലാതായെന്നും ശ്രീധരന്‍ പിള്ള സംസ്ഥാന കമ്മറ്റി വിളിക്കാത്തത് സുവര്‍ണാവസരം ഉപയോഗിക്കാന്‍ സാധിക്കാത്തതിലുള്ള കുറ്റബോധം കൊണ്ടാണെന്നും മുരളീധരന്‍ പക്ഷം പറയുന്നു.

സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റിയതും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യസംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കാത്തതും ശ്രീധരന്‍ പിള്ളയ്‌ക്കെതിരായുള്ള ചാര്‍ജ്ജ് ഷീറ്റാണ്. നിരാഹാരം കിടക്കാന്‍ പോലും ആളെ കിട്ടാത്ത അവസ്ഥയാണുള്ളത്. എ എന്‍ രാധാൃകൃഷ്ണന് പകരം നിരാഹാരത്തിന് ആളെക്കിട്ടാത്ത സാഹചര്യത്തില്‍ സി കെ പത്മനാഭന്‍ സ്വയം മുന്നോട്ടുവരികയായിരുന്നു. പത്ത് ദിവസം നിരാഹാരം കിടന്ന സി കെ പത്മനാഭന്‍ സമരം നിര്‍ത്താനുള്ള താല്‍പ്പര്യം നാല് ദിവസം മുന്നെ തന്നെ പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിപ്പിച്ച് നിരാഹാരം തുടരുകയായിരുന്നു. പകരം കിടക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ പത്മനാഭന്‍ നിരാഹാരം നിര്‍ത്തിയാല്‍ നാണം കെടുമെന്ന ഘട്ടമെത്തിയപ്പോള്‍ കേന്ദ്രനേതൃത്വം ഇടപെട്ടാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ നിരാഹാരം കിടക്കാന്‍ തയ്യാറായത്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ നിരാഹാരം കിടക്കേണ്ടിവരില്ലെന്ന ഉറപ്പുനല്‍കിയാണ് ശോഭയെ നിരാഹാരം കിടത്തിയിരിക്കുന്നത്. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്ന ജനുവരി 22 വരെ ഏതെങ്കിലും വിധത്തില്‍ ശോഭയുടെ നിരാഹാരം നീട്ടാനും 22ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാനുമാണ് ബി ജെ പിയോട് ആര്‍ എസ് എസ് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

അതിനിടയില്‍ ഏതെങ്കിലും വിധത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ബി ജെ പി സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ തന്നെ സമരത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് എത്രയും വേഗം സമരം നിര്‍ത്താന്‍ ആര്‍ എസ് എസ് നേതൃത്വം നിര്‍ദേശം കൊടുത്തിരിക്കുന്നത്.

20-Dec-2018