മുരളീധരനോട് ഭീഷണി വേണ്ടെന്നു സംസ്ഥാന നേതാക്കള്‍.

കൊല്ലം :കൊല്ലം ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വം വെട്ടില്‍. വനിതാമതിലുമായി സഹകരിക്കാന്‍ നേതാക്കള്‍ രംഗത്തു വന്നതോടെ കൊല്ലം ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വം വെട്ടില്‍. കെ.പി.സി.സി. നേതാവും എസ്‌.എന്‍.ഡി.പി. കൊല്ലം യൂണിയന്‍ പ്രസിഡന്റുമായ മോഹന്‍ ശങ്കറും കേരള ദളിത്‌ ഫെഡറേഷന്‍ (കെ.ഡി.എഫ്‌.) സംസ്‌ഥാന പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പി. രാമഭദ്രനും വനിതാ മതിലിന്റെ സംഘാടക സമിതിയിലും പ്രതിഷേധ പരിപാടിയിലും പങ്കെടുത്തത് വനിതാമതിലിനെ എതിര്‍ക്കുന്ന പാര്‍ട്ടി നേതൃത്വത്തെ കുഴപ്പത്തിലാക്കി. ഇതിനെതിരെ താക്കീതുമായി കോണ്‍ഗ്രസ്‌ നേതൃത്വം രംഗത്ത്‌ എത്തി. മോഹന്‍ ശങ്കറിനും രാമഭദ്രനുമെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.പി.സി.സി. നേതൃത്വത്തെ ജില്ലയിലെ പ്രവർത്തകരും സമീപിച്ചിട്ടുണ്ട്.

ഇതിനിടയിൽ പുറത്തക്കുമെന്ന ഭീഷണി തന്നോട്‌ വേണ്ടെന്ന മുന്നറിയിപ്പുമായി പി. രാമഭദ്രന്‍ രംഗത്തുവന്നു. 40 വര്‍ഷത്തിലധികമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നയാളാണു താന്‍. കോണ്‍ഗ്രസ്‌ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു തന്റെ പിതാവ്‌. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മതിലാണ്‌ വനിതാമതിലെന്നും കെ.ഡി.എഫിന്റെ എല്ലാ പ്രവര്‍ത്തകരും വനിതാ മതിലില്‍ പങ്കാളികളാകുമെന്നും രാമഭദ്രന്‍ പറഞ്ഞു. യു.ഡി.എഫ്‌. ജില്ലാ നേതൃത്വം സംഘടിപ്പിച്ച വനിതാ മതിലിനെതിരെയുള്ള പരിപാടിയിലും മോഹന്‍ ശങ്കര്‍ പങ്കെടുത്തിരുന്നു. രണ്ടു പരിപാടികളിലെയും മോഹന്‍ ശങ്കറിന്റെ സാന്നിധ്യം പാര്‍ട്ടി നേതൃത്വത്തിൽ അമ്പരപ്പുണ്ടാക്കി. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്തപ്പാണ് വ്യക്തമാക്കുന്നതെന്ന ആരോപണവുമായി ബി.ജെ.പി യും രംഗത്ത് വന്നിരുന്നു.


അതേസമയം വനിതാ മതിലിന്റെ ഭാഗമായി ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ നിന്നാല്‍ അവര്‍ പിന്നെ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍ എം.എല്‍.എ. കൊല്ലത്തു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

21-Dec-2018