ശബരിമലയിൽ ഇഡി പ്രസാദ് മേൽശാന്തി, എംജി മനു മാളികപ്പുറം മേൽശാന്തി
അഡ്മിൻ
ശബരിമല മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി പ്രസാദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എം.ജി മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ശബരിമല സന്നിധാനത്ത് വെച്ച് ഇന്ന് രാവിലെ എട്ടേകാലോടെ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തിരഞ്ഞെടുത്തത്.
ശബരിമല മേൽശാന്തിയെ പന്തളം കൊട്ടാരം പ്രതിനിധിയായ കശ്യപ് വർമ്മയും, മാളികപ്പുറം മേൽശാന്തിയെ മൈഥിലി വർമ്മയുമാണ് നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് ഇ.ഡി പ്രസാദ് നമ്പൂതിരി. എം.ജി മനു നമ്പൂതിരി കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ശബരിമല മേൽശാന്തിയാവാനുള്ള പട്ടികയിൽ 14 പേരും മാളികപ്പുറത്തേക്ക് 13 പേരുമാണുണ്ടായിരുന്നത്.
തുലാമാസ പൂജകൾക്കായി ഇന്നലെ നട തുറന്നതു മുതൽ വലിയ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്നലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയ പാളികൾ ഘടിപ്പിച്ചിരുന്നു. ഒക്ടോബർ 22-ന് രാഷ്ട്രപതിയുടെ സന്ദർശനം നടക്കുന്നതിനാൽ അന്ന് തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും.