വിജയ് കരൂരിലേക്ക് പോകില്ല; അന്വേഷണം തടസ്സപ്പെടുത്തുന്നില്ലെന്ന് ടിവികെ നിലപാട്

കരൂർ റാലി ദുരന്തത്തിൽ സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തിൽ, നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ഇന്ന് കരൂരിലേക്ക് പോകില്ല. അന്വേഷണ നടപടികൾക്ക് ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാകരുത് എന്ന് ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇല്ലെന്ന് ടിവികെ നേതാക്കൾ വ്യക്തമാക്കി. വിജയ് ഇന്ന് കരൂരിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസം വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ ഓഫീസാണ് പ്രവർത്തനം പുനരാരംഭിച്ചത്. 41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തിന് ശേഷം 17 ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു പാർട്ടിയുടെ ആസ്ഥാനം. വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണം സംഭവിച്ചതോടെ റാലി ഉൾപ്പെടെ ടിവികെയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.

18-Oct-2025