ലോക്‌സഭ ‘വിബി ജി റാം ജി’ ബിൽ ഇന്നും ചര്‍ച്ച ചെയ്യും
അഡ്മിൻ
കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഭേദഗതി ചെയ്തുകൊണ്ടുള്ള ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആന്റ് അജീവിക മിഷൻ ഗ്രാമീൺ’ ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ചയ്‌ക്കെടുക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിലും, തൊഴിൽ വേതനത്തിന്റെ 40% ബാധ്യത സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിലും പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്.
ബിൽ അവതരിപ്പിച്ചപ്പോൾ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷ നിരയിലെ പ്രമുഖരായ പ്രിയങ്ക ഗാന്ധി, ശശി തരൂർ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ‘ഗാന്ധി ഹമാര ഹേയ്’ എന്ന മുദ്രാവാക്യവുമായി സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി വർധിപ്പിച്ചു എന്നതാണ് സർക്കാർ മുന്നോട്ടുവെക്കുന്ന പ്രധാന ന്യായീകരണം. വിബി ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു. ഇന്ന് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്ത്യ സഖ്യത്തിന്റെ നിലപാട് മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കും