തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മുന്നണി മാറ്റ ചർച്ച സജീവമാക്കി ബിഡിജെഎസ്
അഡ്മിൻ
മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബിഡിജെഎസ്. 23 നടക്കുന്ന ബിഡിജെഎസ് നേതൃയോഗത്തിൽ മുന്നണിമാറ്റമടക്കം ചർച്ചയാകും. മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചെങ്കിലും അഞ്ചു സീറ്റിൽ മാത്രമാണ് ബിഡിജെഎസ് വിജയിച്ചത്. ബിജെപി യുടെ നിസ്സഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എ ഭരണം പിടിച്ചെങ്കിലും, ബി.ഡി.ജെ.എസ് മത്സരിച്ച നാല് സീറ്റിലും തോറ്റു.
ബിജെപിയുടെ നിസ്സഹകരണമാണ് തോൽവിക്ക് കാരണമെന്നാണ് ബിഡിജെഎസിന്റെ ആരോപണം. ബിജെപിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റമുണ്ടാക്കി എന്ന വിലയിരുത്തലിനിടയിലും ഘടകകക്ഷികളിൽ അതൃപ്തി പുകയുകയാണ്. എൻഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളിൽ ബിഡിജെഎസ് അടക്കമുള്ളവർ പുറത്തായതാണ് അതൃപ്തിക്ക് കാരണം.
കൊച്ചി കോർപ്പറേഷനിൽ 13 സീറ്റുകളിൽ മത്സരിച്ചെങ്കിലും സിറ്റിംഗ് സീറ്റിൽ ഉൾപ്പടെ പരാജയപ്പെട്ടു. കോഴിക്കോട് കോർപറേഷനിലും മറ്റൊന്നല്ല സ്ഥിതി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ ബി.ഡി.ജെ.എസിന്റെ സിറ്റിങ് സീറ്റ് ബി.ജെ.പി ഏറ്റെടുത്തിരുന്നു. ഇവിടെ പരാജയപ്പെട്ടതോടെ പഞ്ചായത്ത് ഭരണം തന്നെ നഷ്ടമായി.എൻഡിഎയ്ക്ക് ആധിപത്യം ഉണ്ടായിരുന്ന ആലപ്പുഴ കോടന്തുരുത്ത് പഞ്ചായത്തിലും ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിച്ചത്. കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയിരുന്നിടത്ത് ഇത്തവണ ആറ് സീറ്റാണ് എൻഡിഎയ്ക്ക് ലഭിച്ചത്.