ആരോഗ്യരംഗത്ത് കേരളത്തിന്റെ അഭിമാനമുയർത്തി എറണാകുളം ജനറൽ ആശുപത്രി
അഡ്മിൻ
ആരോഗ്യരംഗത്ത് കേരളത്തിന്റേയും എറണാകുളം ജില്ലയുടേയും അഭിമാനമുയർത്തി എറണാകുളം ജനറൽ ആശുപത്രി. രാജ്യത്തെ സർക്കാർ മേഖലയിലെ ഒരു ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ആദ്യമായി ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നു എന്ന അപൂർവ്വ നേട്ടം ഇനി എറണാകുളം ജനറൽ ആശുപത്രിക്ക് സ്വന്തം. കൊല്ലം ചിറക്കര സ്വദേശി ഷിബു (47) വിന്റെ ഹൃദയമാണ് നേപ്പാൾ സ്വദേശിനിയായ ദുർഗ കാമിയിൽ വെച്ചുപിടിപ്പിക്കുന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചതോടെയാണ് ഈ ശസ്ത്രക്രിയയ്ക്ക് കളമൊരുങ്ങിയത്. ഹൃദയം കൂടാതെ രണ്ട് വൃക്കകൾ, നേത്രപടലങ്ങൾ, ത്വക്ക് എന്നിവയും ഷിബു ദാനം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഒരാൾ ത്വക്ക് ദാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഈ ത്വക്ക് വിദഗ്ധ സംവിധാനത്തോടെ സ്കിൻ ബാങ്കിൽ സൂക്ഷിക്കും.
ഹൃദയഭിത്തികൾക്ക് കനം കൂടുന്ന ‘ഹൈപ്പർ ഹെർഡിക്ടറി കാർഡിയോ മയോപ്പതി’ എന്ന ഗുരുതരമായ ജനിതക രോഗമാണ് ദുർഗയെ ബാധിച്ചിരുന്നത്. ഇതേ രോഗം ബാധിച്ചായിരുന്നു ദുർഗയുടെ അമ്മയും സഹോദരിയും മരിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഹൃദയം മാറ്റിവെക്കൽ മാത്രമായിരുന്നു ഏക വഴി. എറണാകുളം ജനറൽ ആശുപത്രിയിലെ വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് രാവിലെ പത്ത് മണിയോടെ ഹൃദയം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. തുടർന്ന് അതീവ സുരക്ഷയോടെ റോഡ് മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്ന് പ്രത്യേക എയർ ആംബുലൻസ് വഴി കൊച്ചി ഹയാത്ത് ഗ്രൗണ്ടിലെത്തിച്ച ഹൃദയം, ആംബുലൻസ് മാർഗം മിനിറ്റുകൾക്കുള്ളിൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും.