സ്വന്തം സമുദായത്തിന് നീതി ലഭിക്കണമെന്ന് ഉറക്കെ വിളിച്ചുപറയുമ്പോൾ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “വർഗീയവാദിയാക്കിയാലും സമുദായത്തിനുവേണ്ടി നിലകൊള്ളുന്നതിൽ മാറ്റമില്ല” – അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ തൃശ്ശൂർ യൂണിയൻ ആദരിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം.
ചില പച്ചയായ സത്യങ്ങൾ തുറന്നു പറയുമ്പോൾ അത് ചില സമുദായക്കാർക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടായിട്ടും ഒരു കുടിപ്പള്ളിക്കൂടം പോലും ലഭിച്ചില്ലെന്ന യാഥാർത്ഥ്യമാണ് താൻ പറഞ്ഞത്. മുസ്ലിം ലീഗിലെ ചില നേതാക്കളുടെ അനീതി ചൂണ്ടിക്കാണിച്ചതിൽ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിം സമുദായത്തെയോ അവരുടെ അവകാശങ്ങളെയോ താൻ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ വർഗീയവാദിയാകും. എന്നാൽ 24 മണിക്കൂറും ജാതിയും മതവും രാഷ്ട്രീയവും പറയുന്നവർ ഇവിടെ മിതവാദികളായി വാഴ്ത്തപ്പെടുന്നു.” വെള്ളാപ്പള്ളി പരിഹസിച്ചു. അർഹമായ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വർഗീയതയല്ലെന്നും അത് സാമുദായികനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം അടിവരയിട്ടു.
എല്ലാവരോടും സോദരത്വേന നിന്നിട്ട് ഒന്നും ലഭിച്ചില്ലെന്ന പരിഭവം അദ്ദേഹം പങ്കുവെച്ചു. “വാ സോദരാ എന്ന് പറഞ്ഞ് ആരും നമ്മളെ വിളിച്ചില്ല. മറ്റു പലരും സംഘടിക്കുകയും ശക്തമായ വോട്ട് ബാങ്കുകളായി മാറുകയും ചെയ്തു. അങ്ങനെ രാഷ്ട്രീയ അധികാരമുപയോഗിച്ച് അവർ അവകാശങ്ങൾ വെട്ടിപ്പിടിച്ചു.” സാമുദായികമായ നീതി ലഭിക്കണമെങ്കിൽ സമുദായം ഒന്നായി നിലകൊള്ളണമെന്നും വോട്ട് ബാങ്കായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.