ട്രെയിന്‍ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി

ട്രെയിന്‍ യാത്രയ്ക്കിടെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. സമസ്തിപൂരിന് അടുത്തുള്ള ദര്‍സിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്നത് വഴിയാണ് മോഷണം നടന്നത്. എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുമ്പോഴാണ് സംഭവം. തന്റെ തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വെച്ചിരുന്നതെന്ന് ശ്രീമതി പറഞ്ഞു.

കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നത് വഴിയാണ് മോഷണം നടന്നത്. 40000 രൂപ, മൊബൈല്‍ ഫോണ്‍, സ്വര്‍ണക്കമ്മല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.
എത്ര മണിക്കാണ് മോഷണം പോയതെന്ന് കൃത്യമായി അറിയില്ലെങ്കിലും പുലര്‍ച്ചെ നാല് മണിക്ക് ശേഷമായിരിക്കുമെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

'എഴുന്നേറ്റ് നോക്കുമ്പോള്‍ തലയുടെ തൊട്ടടുത്തായി മുകളില്‍ വെച്ച ബാഗ് കാണാനില്ലായിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്കാണ് വണ്ടി കയറിയത്. ലക്കി സരായി എന്ന സ്‌റ്റേഷന് മുമ്പാണ് മോഷണം പോയത് അറിഞ്ഞത്. ചെറിയ സ്റ്റഡുകള്‍ ബാഗിലുണ്ടായിരുന്നു. ഐഡന്റിന്റി കാര്‍ഡ്, പാര്‍ലമെന്ററി കാര്‍ഡ്, ലോക്‌സഭാ ഐഡന്റിന്റി കാര്‍ഡ് തുടങ്ങി എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും മോഷണം പോയി. ഡിജിപിയെ ഉള്‍പ്പെടെ വിളിച്ചു. ആര്‍പിഎഫിന്റെ ഓഫീസിലും പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കി', പി കെ ശ്രീമതി പറഞ്ഞു.

24-Dec-2025